മുക്കം: മലയോര മേഖലയിലെ പ്രധാന ടൗണുകളിലൊന്നായ മുക്കത്ത് ജല അതോറിറ്റിയുടെ കുടിവെള്ളം ലഭ്യമല്ലാതായിട്ട് മാസം 10 കഴിഞ്ഞു. ടൗണിലെ കടകളിൽ മാത്രമല്ല പരിസരത്തെ വീടുകളിലും ഇതു തന്നെയാണ് അവസ്ഥ.
ഇതോടെ, ശാശ്വത പരിഹാരം തേടി വീണ്ടും സമരത്തിനുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ. ഇത്തവണ ഗുണഭോക്താക്കളെക്കൂടി കൂട്ടി ജല അതോറിറ്റിയുടെ ഓഫിസുകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് പരിപാടി.
ജല വിതരണത്തിലെ അപാകതകൾക്ക് പരിഹാരംതേടി ജനുവരി നാലിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയിരുന്നു. തൊട്ടുപിറകെ രണ്ടുദിവസം ചിലയിടങ്ങളിൽ മാത്രം പേരിനു വെള്ളമെത്തി. പിന്നീട് ഒരുതുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
കൊടുംചൂടിൽ വെള്ളത്തിനായി വ്യാപാരികളും ഗുണഭോക്താക്കളും നെട്ടോട്ടമോടുന്ന അവസ്ഥയാണ്. അങ്ങാടിയിലെയും പരിസരത്തെയും ഹോട്ടലുകളും പ്രതിസന്ധിയിൽ തന്നെ. പണം നൽകി വാഹനങ്ങളിൽ വെള്ളമെത്തിക്കേണ്ട അവസ്ഥ തുടരുകയാണ്. പി.സി ജങ്ഷൻ മുതൽ ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള സ്ഥലങ്ങളിലാണ് ജല അതോറിറ്റിയുടെ വെള്ളം കിട്ടാത്തത്. പുതിയ ബസ് സ്റ്റാൻഡ്, വില്ലേജ് ഓഫിസ്, വ്യാപാര ഭവൻ, പെരളിയിൽ, മൂലത്ത്, എരിക്കഞ്ചേരി ഭാഗങ്ങളിൽ ശുദ്ധജലം ലഭിച്ചിട്ട് 10 മാസമായി. വെള്ളം ഇല്ലെങ്കിലും ബിൽ കൃത്യമായി ലഭിക്കുന്നതായി വ്യാപാരികളും ഗുണഭോക്താക്കളും പറയുന്നു.
റോഡുകൾ കീറിമുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് രണ്ട് ലക്ഷത്തിലേറെ രൂപ കെട്ടിവെക്കാൻ ഇല്ലാത്തതാണ് പ്രശ്നം പരിഹരിക്കുന്നതിനു തടസ്സം. പൈപ്പിലെ തടസ്സം കണ്ടെത്താനും സാധിച്ചിട്ടില്ല.
ഒട്ടേറെ ഗാർഹിക ഉപയോക്താക്കളും പൊതു ടാപ്പുകളെ ആശ്രയിക്കുന്നവരും കുടിവെള്ളം കിട്ടാതെ കൊടും വേനലിൽ ദുരിതത്തിലാണ്. പുഴകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങിയതോടെ ജലക്ഷാമവും രൂക്ഷമായി.വരും ദിവസങ്ങളിൽ ജല അതോറിറ്റിയുടെ ഓഫിസുകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് വ്യാപാരികളുടെ ശ്രമം.