കോഴിക്കോട്: കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജില്ലയിൽ രണ്ടു പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചെക്യാട്, കിഴക്കോത്ത് എന്നിവിടങ്ങളിലാണ് മരണം. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അഭ്യർഥിച്ചു. കരുതലില്ലെങ്കിൽ മഞ്ഞപ്പിത്തം വർധിച്ച തോതിലുള്ള രോഗപ്പകർച്ചക്ക് ഇടയാക്കും.
എന്താണ് മഞ്ഞപ്പിത്തം?
കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിനുവരെ കാരണമാകാം. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ് രോഗഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന (faecal-oral transmission, ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപെട്ട) വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടിൽ കാണുന്ന മഞ്ഞപ്പിത്തത്തിന്റെ കാരണം.
ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാത്തതാണ് പലപ്പോഴും രോഗത്തെ ഗുരുതരമാക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ത്വക്കും കണ്ണും മഞ്ഞനിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറംമാറ്റം തുടങ്ങിയവയാണ്. സ്വയം ചികിത്സ രോഗിയുടെ ജീവനുതന്നെ ഭീഷണിയാകാവുന്നതിനാൽ രോഗലക്ഷണങ്ങളുള്ളവർ ഉടനെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽനിന്ന് ചികിത്സ തേടേണ്ടതാണ്.
രോഗം വന്നാൽ
മഞ്ഞപ്പിത്തം വന്നാൽ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യണം.
അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കുറക്കുക, തണുത്തതും തുറന്നുവെച്ചതുമായ ആഹാരപദാർഥങ്ങൾ ഒഴിവാക്കുക, ഭക്ഷണം പാകം ചെയ്യുന്നതിനുമുമ്പ് കൈകൾ വൃത്തിയായി കഴുകുക എന്നീ ശീലങ്ങൾ പാലിക്കണം.
സാംക്രമിക രോഗങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് സംശയനിവാരണം വരുത്താം സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി മുതലായവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് സംശയനിവാരണത്തിനും മാർഗനിർദേശങ്ങൾക്കുമായി ജില്ല മെഡിക്കൽ ഓഫിസിലെ സാംക്രമിക രോഗ നിയന്ത്രണ സെല്ലുമായി ബന്ധപ്പെടാം. 0495-237390 എന്ന നമ്പറിൽ രാവിലെ 10നും വൈകീട്ട് അഞ്ചിനുമിടയിൽ വിളിക്കാം.
രോഗപ്രതിരോധ മാർഗങ്ങൾ
• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
• ആഹാരത്തിനു മുമ്പും ശേഷവും മലമൂത്ര വിസർജനത്തിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
• മലമൂത്ര വിസർജനം കക്കൂസിൽ മാത്രം നടത്തുക.
• ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവ ശുദ്ധജലത്തിൽ മാത്രം തയാറാക്കുക.
• കുടിവെള്ള സ്രോതസ്സുകളിലും കിണറുകളിലും ക്ലോറിനേഷൻ നടത്തുക.
• നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക.
• കുടിവെള്ളവും ആഹാരസാധനങ്ങളും ഈച്ച കടക്കാത്തവിധം എപ്പോഴും അടച്ചു സൂക്ഷിക്കുക.
• പച്ചക്കറികളും പഴവർഗങ്ങളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
• കിണർവെള്ളം മലിനപ്പെടാനുള്ള സാധ്യത ഒഴിവാക്കുക.
• വീടും പരിസരവും മാലിന്യങ്ങൾ കുമിഞ്ഞുകൂടാതെ വൃത്തിയായി സൂക്ഷിച്ച് ഈച്ച പെരുകുന്നത് തടയുക.