കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു. പീഡനക്കേസിൽ അതിജീവിതക്കൊപ്പം നിന്നതിന് സ്ഥലം മാറ്റിയ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിത കോടതിയലക്ഷ്യത്തിന് കേസ് നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിക്കാൻ ഹൈകോടതി അനുകൂല ഉത്തരവുണ്ടായിട്ടും അധികൃതർ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് അനിത വീണ്ടും കോടതിയെ സമീപിക്കുന്നത്.
അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഉപവാസത്തിലാണ് അനിത. മൂന്ന് ദിവസങ്ങളായി തുടർച്ചയായി സമരം ചെയ്തിട്ടും അനുകൂല നടപടി ഉണ്ടാകാത്തതിനാൽ പ്രതിപക്ഷ സംഘടനകൾ വ്യാഴാഴ്ച മുതൽ സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.
പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിൽ യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ ഉപരോധ സമരം നടക്കുമെന്ന് ദിനേശ് പെരുമണ്ണ അറിയിച്ചു.
ഐ.സി.യു പീഡനക്കേസിൽ അതിജീവിതക്കൊപ്പം നിന്നതിന് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ അനുകൂല ഹൈകോടതി വിധിയുമായി തിങ്കളാഴ്ചയാണ് അനിത മെഡിക്കൽ കോളജിലെത്തിയത്. സീനിയര്‍ നഴ്സിങ് ഓഫിസര്‍ തസ്തികയില്‍ മാര്‍ച്ച് 31ന് റിട്ടയര്‍മെന്റിലൂടെ ഒഴിവ് വന്ന സാഹചര്യത്തിൽ തന്നെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, സർക്കാറിൽനിന്നുള്ള ഉത്തരവുപ്രകാരമുള്ള സ്ഥലംമാറ്റമായതിനാൽ സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉത്തരവില്ലാതെ പ്രവേശനം നൽകാനാവില്ലെന്നാണ് സീനിയർ സൂപ്രണ്ട് അറിയിച്ചത്. ഇതിനെതിരെയാണ് അനിതയും നഴ്സിങ് സംഘടനകളും സമരം ചെയ്യുന്നത്.