യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ക്വട്ടേഷൻ നൽകിയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പിടിയിലായ, ക്വട്ടേഷൻ ഏറ്റെടുത്ത ബേപ്പൂർ സ്വദേശി പുന്നാർ വളപ്പിൽ ചെരക്കാട്ട് ഷാഹുൽ ഹമീദി ( 31)ന്റെ മൊഴി നിർണായകമായതിനെ തുടർന്നാണ് ബേപ്പൂർ സ്വദേശി ജാസിം ഷായെ (32) ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജു അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.
ബാലുശ്ശേരി ശിവപുരം മാങ്ങാട് കിഴക്കേ നെരോത്ത് ലുഖ്മാനുൽ ഹക്കിമിനെ (45) കക്കോടിയിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി റോഡരികിൽ തള്ളിയെന്നതാണ് കേസ്. സംഭവത്തിൽ പ്രതികളായ കൊണ്ടോട്ടി മേലേതിലമ്പാടി പറമ്പ് മുഹമ്മദ് ഷബീർ (25), മുസ്ലിയാരങ്ങാടി പറമ്പിൽ സാലിഹ് ജമീൽ (25) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സുഹൃത്തിന്റെ സഹോദരിക്ക് അശ്ലീല വിഡിയോ അയച്ചതുമായി ബന്ധപ്പെട്ട സംഭവമാണ് ക്വട്ടേഷൻ നൽകാൻ കാരണമായതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്. വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിച്ച് നിരന്തരം ആക്രമിച്ചതായും ഇതു സംബന്ധിച്ച് തിരൂർ, കൽകഞ്ചേരി, ബാലുശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതായും ഹക്കിം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഭാര്യയുടെ ബന്ധുവാണ് ക്വട്ടേഷൻ നൽകിയതെന്നാണ് ഹക്കിം പരാതിയിൽ സൂചിപ്പിച്ചിരുന്നത്. ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ചേവായൂർ സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതികളെ സ്റ്റേഷനിൽ വെച്ച് ഹക്കിം തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 11നായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോകുന്നതിനിടെ സംഘം ഉപയോഗിച്ച കാർ ഉടമയെക്കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരന്തരം ബന്ധപ്പെട്ടതോടെ പ്രതികൾ ഉദ്യമത്തിൽനിന്ന് പിന്തിരിഞ്ഞ് ഹക്കിമിനെ വഴിയിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കക്കോടിക്കടുത്ത് എരക്കുളത്തെ കടയിൽ ജോലിക്കാരനായ ഹക്കിം കടയടക്കുന്നതുവരെ പ്രതികളിൽ ചിലർ നിരീക്ഷിക്കുകയായിരുന്നു.
ചേവായൂർ ഇൻസ്പെക്ടർ കെ.കെ. ബിജു, എസ്.ഐ ഷബീബ് റഹ്മാൻ, എ.എസ്.ഐ എ. സജി, സുമേഷ് നന്മണ്ട, എസ്. ശ്രീരാഗ് എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.