പേരാമ്പ്ര: രാജ്യത്ത് സംസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പ് രംഗം വിലയിരുത്തിയാൽ അധികാരത്തിൽ എത്തുന്നത് ഇന്ത്യ മുന്നണിയാണെന്ന് ഉറപ്പിച്ചു പറയാമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
വടകര പാർലമെൻറ് മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം യു.ഡി.എഫ് ചക്കിട്ടപാറയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജയിക്കാൻ ആഗ്രഹിക്കുന്നതും പാർട്ടിയുടെ ചിഹ്നം നിലനിർത്താനാണെങ്കിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇന്ത്യയെ നിലനിർത്താനാണ്. കേരളത്തിൽ 20 സീറ്റും യു.ഡി.എഫ് നേടും. ജനദ്രോഹകരമായി ഭരണം നടത്തുന്ന ഇടത് സർക്കാറിനെതിരെ പ്രതികരിക്കാൻ കക്ഷിഭേദമെന്യേ ജനം കാത്തിരിക്കുകയാണ്.
നിപയെയും കോവിഡിനെയും പ്രതിരോധിച്ചെന്ന് വീമ്പടിക്കുന്നവർ യഥാർഥത്തിൽ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്തത്. പെൻഷൻ നൽകിയെന്ന് നുണ പ്രചരിപ്പിക്കുന്നവർക്ക് പെൻഷൻ കിട്ടാത്തതിന്റെ പേരിൽ മരിക്കേണ്ടിവന്ന മുതുകാട്ടിലെ വളയത്ത് ജോസഫിന്റെ ആത്മാവ് മാപ്പ് നൽകില്ല.
വടകരയിൽ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി ജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. പി. വാസു അധ്യക്ഷതവഹിച്ചു. പി.എം. ജോർജ്, മൂസ കോത്തമ്പ്ര, നിജേഷ് അരവിന്ദ്, കെ. എ. ജോസുകുട്ടി, രാജീവ് തോമസ്, ജിതേഷ് മുതുകാട്, രാജൻ വർക്കി, ഗിരിജ ശശി, ഉമ്മർ തണ്ടോറ, ബാബു കൂനന്തടം, കുഞ്ഞമ്മദ് പെരുഞ്ചേരി, റെജി കോച്ചേരി, രാജേഷ് തറവട്ടത്ത്, എബിൻ കുംബ്ലാനി, ഗിരീഷ് കോമച്ചങ്കണ്ടി എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി കൺവെൻഷനും പ്രകടനവും നടത്തി. ലൈസ ജോർജ്, പാപ്പച്ചൻ കൂനന്തടം, തോമസ് ആനത്താനം, ഷൈല ജെയിംസ്, ജോർജ് മുക്കള്ളിൽ, വി.ഡി. ജോസ്, ബാബു പള്ളികുടം, സിന്ധു വിജയൻ, വി.വി. നാരായണി, വി.കെ. മിനി, ബിന്ദു ബാലകൃഷ്ണൻ, ജെയിൻ ജോൺ, ഷജിത്ത് കുമാർ, ഷാൽവിൻ പള്ളിത്താഴത്ത്, രമേഷ് കേളംപൊയിൽ, മുഹമ്മദ് ഷരീഫ് എന്നിവർ നേതൃത്വം നൽകി.