കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി വ്യാജ ഷെയർ ട്രേഡിങ്ങിലൂടെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽനിന്ന് 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശിയായ മുജീബിനെയാണ് (41) കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക്, ഷെയർ ട്രേഡിങ് രംഗത്ത് പരിചയവും പ്രാഗല്ഭ്യവുമുള്ള വ്യക്തികളുടെ പേരിലുള്ള വ്യാജ വാട്സ്ആപ് അക്കൗണ്ടുകൾ ഉപയോഗിച്ച് ഷെയർ ട്രേഡിങ് സംബന്ധമായ ക്ലാസുകളും ടിപ്പുകളും നിർദേശങ്ങളും നൽകി വിശ്വാസം പിടിച്ചുപറ്റി വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.പരാതിക്കാരനിൽനിന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി അയപ്പിച്ചു തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം ഇന്റർനെറ്റ് ബാങ്കിങ് വഴി മുജീബിന്റെ അക്കൗണ്ടിലേക്ക് എത്തുകയും അവിടെനിന്ന് ചെക്കുകൾ ഉപയോഗിച്ച് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ വഴി ആ അക്കൗണ്ടുകളിലെത്തുന്ന വലിയ തുകകൾ പണമായി പിൻവലിക്കാൻ സഹായം ചെയ്തതിനാണ് പ്രതിയെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം എത്തിയ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം കാളികാവ് ബ്രാഞ്ചിലെ മുജീബിന്റെ ബാങ്ക് അക്കൗണ്ട് തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തട്ടിപ്പിനിരയായാൽ 1930 ടോൾഫ്രീ നമ്പറിൽ രജിസ്റ്റർ ചെയ്യുക
കമീഷൻ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾ ബാങ്ക് അക്കൗണ്ടുകൾക്കായി വിദ്യാർഥികളെയും സാധാരണക്കാരെയും ലക്ഷ്യമിടുന്നതായും ഇരയാക്കുന്നതായും വിവിധ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണങ്ങളില്‍ വ്യക്തമാകുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഓൺലൈൻ തട്ടിപ്പിനിരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (https://cybercrime.gov.in/) വഴിയും രജിസ്റ്റർ ചെയ്യാം.