തിരുവമ്പാടി: തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നവീകരണത്തിന് തുടക്കം. 18.8 കി.മീ. ദൂരമുള്ള റോഡ് നവീകരണത്തിന് 108 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ പദ്ധതിയിൽ 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാനാണ് പദ്ധതി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. രണ്ടു വർഷമാണ് കാലാവധി. നാലു പാലങ്ങൾ, 50ഓളം കലുങ്കുകൾ, പ്രധാന അങ്ങാടികളിൽ ഇന്റർലോക്ക് പതിച്ച നടപ്പാത തുടങ്ങിയവ നിർമിക്കും. വയനാട്ടിലേക്കുള്ള നിർദിഷ്ട തുരങ്ക പാതയുടെ സമീപന റോഡാണിത്.
നവീകരണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജീനിയർ കെ. അബ്ദുൽ അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ, ജില്ല പഞ്ചായത്തംഗം ബോസ് ജേക്കബ്, രാജു അമ്പലത്തിങ്കൽ, കെ.ഡി. ആന്റണി, മേഴ്സി പുളിക്കാട്ട്, കെ.എ. ബേബി എന്നിവർ സംസാരിച്ചു.