കുറ്റ്യാടി: മൊകേരിയിലും പരിസരപ്രദേശങ്ങളിലും കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മുതിരപൊയിൽ രജീഷ് (40), പനയുള്ളപറമ്പത്ത് അനിത (38), വാണിക്കണ്ടി രാധ (30) എന്നിവർക്കാണ് പരിക്കേറ്റത്. പന്നിയെ കണ്ട് ഭയന്നോടിയ ആനേറേമ്മൽ മീത്തൽ ശാരദക്കും പരിക്കേറ്റു. ആറോളിടത്തിൽ കരുണൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മൂന്നു പേർക്കും മൊകേരി ഗവ. കോളജിന് സമീപം മുറവശ്ശേരിയിൽനിന്നാണ് പന്നിയുടെ ആക്രമണമുണ്ടായത്. പന്നിയുടെ ആക്രമണത്തിൽ ബൈക്കിൽനിന്ന് വീണാണ് കുറ്റ്യാടി സ്വദേശിയായ രജീഷിന് പരിക്കേറ്റത്. വാണിയക്കണ്ടി രാധക്കും പനയുള്ളപറമ്പത്ത് അനിതക്കും കാലിനാണ് കുത്തേറ്റത്. രജീഷിനെയും അനിതയെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെതുടർന്ന് കുന്നുമ്മൽ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികൾ ജീവനും സ്വത്തിനും ഭീഷണിയായതിനാൽ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ടു. തോക്ക് ലൈസൻസുള്ള കച്ചേരിത്തറമൽ മനോജിനെ വെടിവെക്കാൻ നിയോഗിച്ചു. വിനോദൻ സംഭവസ്ഥലത്ത് എത്തിയെങ്കിലും പന്നികളെ കണ്ടെത്താനായില്ല. കുറ്റ്യാടി മെയിൻ കനാലിന്റെ പുറമ്പോക്കിലെ കാടുകളിൽനിന്നും കായക്കൊടി പഞ്ചായത്തിലെ അത്യോട് മലയിൽനിന്നുമാണ് പന്നികൾ വരുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ സംശയം.