കൊയിലാണ്ടി: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥൻ കൊലപാതകക്കേസിലെ പ്രതി അഭിലാഷിനെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സബ് ജയിലിൽ റിമാൻഡിലായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അജികൃഷ്ണയാണ് കസ്റ്റഡിയിൽ വിട്ടത്. അന്വേഷണസംഘം ചൊവ്വാഴ്ചയാണ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്.
പേരാമ്പ്ര ഡിവൈ.എസ്.പി ബിജു, ഇൻസ്പെക്ടർ മെൽവിൽ ജോസ്, എസ്.ഐമാരായ മനോജ്, പ്രദീപ് കുമാർ, എ.എസ്.ഐ കെ.പി. ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഫെബ്രുവരി 22ന് മുത്താമ്പി ചെറിയപ്പുറം ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. പ്രതി അഭിലാഷ് കത്തി ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.
ആറു കുത്തുകളേറ്റിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രക്തം വാർന്ന് മരിച്ചിരുന്നു. പ്രതി പന്തലായനി വഴി കാൽനടയായി സഞ്ചരിച്ച് പൊലീസിൽ കീഴടങ്ങുകയായിരുന്നു.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി 14 അംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ, വ്യക്തി വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്നും താൻ തന്നെയാണ് കൊല നടത്തിയതെന്നും പിന്നിൽ മറ്റാരുമില്ലെന്നും മൊഴി നൽകിയിരുന്നു.