വടകര: കുറ്റ്യാടിപ്പുഴയിൽ പതിയാരക്കര തീരദേശ റോഡിനോടു ചേർന്ന് നീലിയേലത്ത് പുഴയോരത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. പഴകിയ വലയിൽ കുരുങ്ങിയ നിലയിലാണ് തലയോട്ടിയും എല്ലിൻകഷണങ്ങളും കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചക്ക് പുഴയിൽ വേലിയിറക്ക സമയത്താണ് തലയോട്ടിയും എല്ലുകളും വേർപെട്ട നിലയിൽ നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞ് വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വേലിയേറ്റത്തിൽ ഒഴുകിയെത്തി തീരത്തേക്ക് അടിഞ്ഞതായാണ് കരുതുന്നത്. മൃതദേഹം സംസ്കരിക്കാനുപയോഗിക്കുന്ന പട്ടും ലഭിച്ചിട്ടുണ്ട്. എന്നാൽ, പുഴയിൽ ഇതെങ്ങനെ എത്തിയെന്നത് ദുരൂഹമാണ്.
സംസ്കരിച്ച മൃതദേഹമാണെന്നും സംശയമുണ്ട്. ഫോറൻസിക് വിദഗ്ധർ അടുത്ത ദിവസം അസ്ഥികൾ പരിശോധിക്കും. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി ഫോറൻസിക് പരിശോധനക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തലയോട്ടിയും അസ്ഥികൂടവും ആരുടേതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വടകര സി.ഐ ടി.പി. സുമേഷ് പറഞ്ഞു.