ആളുകൾ കാട്ടാനകളുടെ ആക്രമണത്തിൽ മരിക്കുമ്പോൾ ആ വഴിക്കു പോകുക പോലും ചെയ്യാത്ത മന്ത്രിമാർ ജനങ്ങൾക്കു സമാധാനം നൽകുന്നൊരു വർത്തമാനമെങ്കിലും പറയുന്നില്ലെന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി പ്രതിഷേധജാഥയുടെ കോഴിക്കോട്ടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില മന്ത്രിമാരുടെ വാക്കുകൾ കേട്ടാൽ ആന ചവിട്ടിയതിനെക്കാൾ വേദനയാണ് തോന്നുക.
കാട് എല്ലാക്കാലത്തും ഉള്ളതാണ്. എന്നാൽ സർക്കാരിന്റെ കഴിവില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധി. ശാസ്ത്രീയമായ രീതികൾ അവലംബിക്കാത്തതു കൊണ്ടാണ് കാട്ടാന ആക്രമണങ്ങൾ ഉണ്ടാവുന്നത്. സിപിഎം നേതാക്കളുടെ സംസാരം പോലെ ശുഷ്കാന്തിയില്ലാത്ത സർക്കാർ ഒച്ചിന്റെ വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുൻപ് യുഡിഎഫ് സർക്കാർ സ്വകാര്യ സർവകലാലാശാല കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ എതിർത്ത സിപിഎമ്മാണ് ഇപ്പോൾ അതു കൊണ്ടുവരാൻ ശ്രമിക്കുന്നത്. ആ ബസ് പോയി. ബസ് പോയ ശേഷം കൈകാണിച്ചിട്ടു കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എം.കെ.രാഘവൻ എംപി അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ, വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ, കെ.ജയന്ത്, കെ.സി.അബു, ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി. അനിൽകുമാർ എംഎൽഎ, കെപിസിസി ഭാരവാഹികളായ വി.പി.സജീന്ദ്രൻ, സോണി സെബാസ്റ്റ്യൻ, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, എ.എ.ഷുക്കൂർ, പുനലൂർ മധു, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, നെയ്യാറ്റൻകര സനൽ തുടങ്ങിയവർ പ്രസംഗിച്ചു