കൊടുവള്ളി: നഗരസഭയിലെ തെരുവുവിളക്ക് വിഷയവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്നത് അനാവശ്യ വിവാദനീക്കമാണെന്ന് കോണ്‍ഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയുടെ ടെന്‍ഡര്‍ പരിഗണിക്കുന്ന വേളയിലുണ്ടായ ചര്‍ച്ചകള്‍ക്കൊടുവില്‍ വിഷയം പരിശോധിക്കാനായി രൂപവത്കരിച്ച സബ് കമ്മിറ്റിയുടെ അധ്യക്ഷനെ ചൊല്ലിയാണ് അനാവശ്യ വിവാദമുണ്ടാക്കുന്നത്.
യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താനും ചില പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഉയര്ത്തിക്കാണിക്കാനുമാണിത്. തെരുവുവിളക്ക് സ്ഥാപിച്ചതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ പരിശോധിക്കാനാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചത്.
ഇതിലൂടെ അനാവശ്യ വിവാദമുണ്ടാക്കി ഭരണസമിതിക്കെതിരെ ആരോപണമുന്നയിക്കുക മാത്രമാണ് എല്‍.ഡി.എഫ് ഇപ്പോള്‍ ലക്ഷ്യംവെക്കുന്നതെന്നും കോണ്‍ഗ്രസ് സൗത്ത് മണ്ഡലം യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.വി. നൂർമുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ. ജലീൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം ഭാരവാഹികളായ അസീസ് കൈറ്റിയങ്ങൽ, പി.സി. വാസു, കരീം ചുണ്ടപ്പുറം, എം. ഉമ്മർ, ഗഫൂർ മുക്കിൽ അങ്ങാടി, യു.കെ. വേലായുധൻ, ശാഫി ചുണ്ടപ്പുറം, സി.കെ. മുനീർ, ആർ.വി. അയൂബ്, യു.വി. ഷമീർ എന്നിവര്‍ സംസാരിച്ചു. സി.കെ. അബ്ബാസ് സ്വാഗതവും സി.പി. റഷീദ് നന്ദിയും പറഞ്ഞു.