ചാത്തമംഗലം: സംഘ്പരിവാർ അനുകൂല വിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടം വികലമാക്കി വരച്ച് പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് എൻ.ഐ.ടിയിൽ സമരപരമ്പരയും സംഘർഷവും. ഫ്രറ്റേണിറ്റി മൂവ്മെന്റ്, കെ.എസ്.യു, എസ്.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തിലാണ് എൻ.ഐ.ടിയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കാമ്പസിന് പുറത്ത് പ്രതിഷേധിച്ചപ്പോൾ സ്റ്റുഡന്റ്സ് യൂനിറ്റിയുടെ നേതൃത്വത്തിൽ കാമ്പസിനകത്ത് ഉപരോധവും പ്രതിഷേധവും നടന്നു. രജിസ്ട്രാർ അടക്കമുള്ള എൻ.ഐ.ടി അധികൃതരെ പുറത്തുപോകാൻ അനുവദിക്കാതെ ഗേറ്റുകൾ അടച്ചുപൂട്ടിയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. നാലാംവർഷ ബി.ടെക് മെക്കാനിക്കൽ വിദ്യാർഥി വൈശാഖ് പ്രേംകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 11ന് സ്റ്റുഡന്റ്സ് വെൽഫെയർ ഡീനിന് സ്റ്റുഡന്റ്സ് യൂനിറ്റി നിവേദനം നൽകിയെങ്കിലും അനുകൂല സമീപനമുണ്ടാകാത്തതിനെതുടർന്നാണ് വൈകുന്നേരം നാലോടെ വിദ്യാർഥികൾ പ്രതിഷേധവും ഉപരോധവും തുടങ്ങിയത്. രണ്ട് പ്രധാന കവാടവും അടച്ചായിരുന്നു ഉപരോധം. രാത്രി വൈകിയും ഉപരോധം തുടരുകയാണ്.
വൈകുന്നേരം നാലോടെ ഫ്രറ്റേണിറ്റി മൂവ്മെന്റാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. മാർച്ച് കാമ്പസ് ഗേറ്റിനു സമീപം മെഡിക്കൽ കോളജ് അസി. കമീഷണർ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഷെരീഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റിയംഗം ഷാഹീൻ അഹ്മദ് സംസാരിച്ചു. ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ അധ്യക്ഷതവഹിച്ചു. പ്രതിഷേധ മാർച്ചിന് ജില്ല ജന. സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, വൈസ് പ്രസിഡന്റ് ആദിൽ അലി, സെക്രട്ടറി അഫ്നാൻ വേളം, കുന്ദമംഗലം മണ്ഡലം സെക്രട്ടറി ഹദിയ ഹനാൻ എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം അഞ്ചോടെ കെ.എസ്.യു പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഗെയ്റ്റിന് പുറത്ത് ഇന്ത്യയുടെ ത്രിവർണ ഭൂപടം വരച്ചായിരുന്നു പ്രതിഷേധം. ജില്ല പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂർ, ഗൗജ വിജയകുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.ടി. അസീസ് എന്നിവർ സംസാരിച്ചു. കാമ്പസിനകത്ത് പ്രതിഷേധിക്കുന്നവർക്ക് അഭിവാദ്യം അർപ്പിക്കാൻ ബാരിക്കേഡ് ഭേദിച്ച് കടന്ന നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇത് സംഘർഷത്തിനിടയാക്കി. സമരത്തിന് ഫായിസ് നടുവണ്ണൂർ, ഷരീഫ് മലയമ്മ, രാഗിൻ, ഹമീദ് മലയമ്മ, തനുദേവ് കൂടമ്പൊയിൽ, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.
രാത്രി ഏഴോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ബാരിക്കേഡും പൊലീസ് വലയവും ഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചത് ഏറെനേരം സംഘർഷത്തിനിടയാക്കി. പൊലീസ് ലാത്തി വീശിയും ബലംപ്രയോഗിച്ചുമാണ് ഇവരെ നീക്കിയത്. സംഘർഷത്തിൽ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയ പ്രസിഡന്റ് മുഹമ്മദ് യാസീൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുഹമ്മദ് യാസീൻ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ടി.എം. അശ്വിൻ സ്വാഗതം പറഞ്ഞു. കുന്ദമംഗലം, മാവൂർ, മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം.
വിദ്യാർഥിയുടെ സസ്പെൻഷൻ താൽക്കാലികമായി നിർത്തിവെച്ചു
ചാത്തമംഗലം: എൻ.ഐ.ടിയിൽ സംഘ്പരിവാറിന്റെ കാവി ഭൂപട പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയുടെ സസ്പെൻഷൻ തൽക്കാലികമായി നിർത്തിവെച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കിയത്.
നാലാം വർഷ വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെയാണ് ബുധനാഴ്ച സസ്പെൻഡ് ചെയ്തത്. വൈശാഖ് സമർപ്പിച്ച അപ്പീലിൽ അതോറിറ്റി തീരുമാനമെടുക്കുന്നതുവരെ സസ്പെൻഷൻ നിർത്തിവെച്ചെന്നാണ് സർക്കുലറിൽ പറയുന്നത്. അതേസമയം, ഡയറക്ടർ ചൊവ്വാഴ്ച സ്ഥലത്തെത്തുന്നതുവരെയാണ് നടപടി മരവിപ്പിച്ചതെന്നാണ് വിവരം. ഡയറക്ടറെത്തിയശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ജനുവരി 22ന് സംഘ് പരിവാർ അനുകൂല സംഘടനയായ എസ്.എൻ.എസിന്റെ നേതൃത്വത്തിൽ കാമ്പസിൽ കാവി നിറത്തിൽ വികലമാക്കി ഭൂപടം വരച്ച് പ്രദർശിപ്പിച്ചതിനെതിരെയാണ് വൈശാഖ് പ്രതിഷേധിച്ചത്. എസ്.എൻ.എസ് വിദ്യാർഥികൾ വൈശാഖിനെ മർദിച്ചതോടെ കൂടുതൽ പേർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.