കോഴിക്കോട്: റിജിഡ് ഫുഡ്സ് എന്ന കമ്പനി രജിസ്റ്റർ ചെയ്ത് ബർഗർ ലോഞ്ച് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. പയ്യാനക്കൽ സ്വദേശി എം.എച്ച്. ഷുഹൈബിനെയാണ് വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. ബേപ്പൂരിലെ പ്രമുഖ വ്യവസായി നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. കമ്പനിയുടെ പേരിൽ 70 ലക്ഷം രൂപ ഇയാൾ തട്ടിയെടുക്കുകയായിരുന്നു.
കേസിൽ ഒക്ടോബറിൽ ഹൈകോടതി ജാമ്യം നിഷേധിച്ചതോടെ പ്രതി ദുബൈയിലേക്ക് കടന്നിരുന്നു. ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ മംഗളൂരു സ്വദേശിയുടെ 70 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിന്മേൽ മേയിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ പേരിൽ ബർഗർ ലോഞ്ച് ആരംഭിക്കാനെന്ന വ്യാജേനയാണ് പലരിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്.