കോഴിക്കോട്: അയോധ്യയിലെ പ്രാണപ്രതിഷ്ഠയെ മോദി സർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ. കോഴിക്കോട് ബീച്ചിൽ യൂത്ത് ലീഗ് മഹാറാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കളി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമനെ എല്ലാവരും ആദരവോടെയാണ് കാണുന്നത്. എന്നാൽ, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കളിയിൽ വീഴാൻ മാത്രം മണ്ടന്മാരല്ല ജനം. ബാബരി മസ്ജിദിന്റെ ചരിത്ര യാഥാർഥ്യം ഉൾക്കൊണ്ട് ഇന്ത്യയെയും മുസ്ലിം ന്യൂനപക്ഷത്തെയും രക്ഷപ്പെടുത്താനാണ് മുസ്ലിം ലീഗ് പ്രവർത്തിക്കുന്നത്.
മതവൈകാരികതയെ ചൂഷണം ചെയ്ത് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് കാണാതിരിക്കാൻ മുസ്ലിം ലീഗിന് കഴിയില്ല. ജനാധിപത്യത്തെ നിലനിർത്താൻ ഇൻഡ്യ മുന്നണിയെ ശക്തിപ്പെടുത്തണം. ആഞ്ഞുപിടിച്ചാൽ ബി.ജെ.പിയെ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയാൻ പ്രയാസമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഭയം കാരണമാണ് പ്രധാനമന്ത്രി ഉത്തരേന്ത്യയിൽ പാഞ്ഞുനടക്കുന്നതെന്നും വിശ്വാസം ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന കളി നടക്കാൻ പാടില്ലാത്തതാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങൾ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പി.എ. മജീദ്, നിയമസഭ ഉപനേതാവ് ഡോ. എം.കെ. മുനീർ, സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു.