കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. അരയടത്തുപാലം ഹോട്ടൽ മുറിയിൽവെച്ചാണ് 27.15 ഗ്രാം എം.ഡി.എം.എയുമായി തിരുവണ്ണൂർ സ്വദേശികളായ കബിട്ടവളപ്പ് ബൈത്തുൽ റോഷ്നയിൽ എം. റുഫീഷ് (31), കളരിക്കൽ ഹൗസിൽ കെ. ശ്രാവൺ (21) എന്നിവരെ നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് സബ് ഇൻസ്പെക്ടർ എൻ. ലീലയും ചേർന്നാണ് പിടികൂടിയത്.
ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യകണ്ണിയാണ് പിടിയിലായ റുഫീഷ്. ഇടക്ക് കോഴിക്കോട്ടെത്തുന്ന ഇയാൾ ബംഗളൂരുവിലാണ് ഇടപാടുകൾ നടത്തുന്നത്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് ലഹരിവസ്തുക്കളുമായി കോഴിക്കോട്ടേക്ക് എത്തിയത്.
തിരുവണ്ണൂർ സ്വദേശിയാണെങ്കിലും ഇയാൾ വീട്ടിൽ വരാറില്ല. തന്റെ സുഹൃത്തായ ശ്രാവണനെ ബിസിനസിൽ പങ്കാളിയാക്കി പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവടതന്ത്രത്തിനാണ് കോഴിക്കോട്ടേക്ക് വന്നത്.
ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന റുഫീഷിനെക്കുറിച്ച് വിവരം ലഭിക്കാൻ പൊലീസിന് ഏറെ പ്രയാസപ്പെടേണ്ടിവന്നു. ബംഗളൂരുവിൽ റെന്റ് എ കാറിന്റെ ബിസിനസിന്റെ മറവിലാണ് ഇയാൾ ലഹരി കച്ചവടം ചെയ്യുന്നത്.
കേരളത്തിൽനിന്ന് പല കോഴ്സുകൾക്കും ജോലിക്കുമായി ബംഗളൂരുവിൽ എത്തുന്ന ആൺകുട്ടികളോടും പെൺകുട്ടികളോടും ചങ്ങാത്തംകൂടി ലഹരിയുടെ വാഹകരാക്കുന്ന തന്ത്രങ്ങളും റുഫീഷിനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡൻസഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്, എ.എസ്.ഐ അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ബാബു പുതുശ്ശേരി, സീനിയർ സി.പി.ഒ ജിത്തു വി.കെ, പി. അജീഷ്, എ. സന്ദീപ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്
കോഴിക്കോട് സിറ്റിയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ബീച്ച്, പാർക്കുകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഡാൻസാഫിന്റെയും നാർകോട്ടിക് സ്ക്വാഡിന്റെയും നീരീക്ഷണം ഉണ്ടാകുമെന്ന് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ അനൂജ് പലിവാൾ പറഞ്ഞു.