വടകര: വിഷം ഉള്ളിൽചെന്ന് ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികൾക്കും ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന പിതാവിനും വടകര പൊലീസിന്റ സമയോചിത ഇടപെടലിൽ പുതുജീവൻ. വടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് കൊയിലാണ്ടി മേലൂരിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന് അതിഗുരുതരാവസ്ഥയിലായ രണ്ട് കുഞ്ഞുങ്ങളെയും ഇവരുടെ പിതാവിനെയും പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി 10.30യോടെയാണ് രണ്ട് കുട്ടികളെ കാണാനില്ലെന്ന പരാതി വടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. കുട്ടികളുടെ മാതാവ് പിതാവിനെയും രണ്ട്, മൂന്ന് വയസ്സുള്ള രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയിരുന്നു. ഇതോടെ കുട്ടികളിൽ ഒരാളെ വടകരയിലെയും മറ്റൊരാളെ മേലൂരിലെയും ബന്ധു വീടുകളിലായിരുന്നു സംരക്ഷിച്ചു പോന്നത്.
വടകരയിലുള്ള കുട്ടിയെ ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ പിതാവ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇയാളുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയാണ് ബന്ധുവീട്ടുകാർ വടകര പൊലീസിൽ പരാതി നൽകിയത്. മേലൂരിലെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെയുള്ള കുട്ടിയെയും കൂട്ടിക്കൊണ്ടുപോയതറിഞ്ഞതോടെയാണ് കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ വടകര പൊലീസ് ശ്രമം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായവും തേടി. അന്വേഷണത്തിൽ പിതാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ മേലൂരാണെന്ന് മനസ്സിലാക്കിയ പൊലീസ് കൊയിലാണ്ടി പൊലീസിന്റെ സഹായവും തേടി. രാത്രി 11.30ഓടെ വടകര, കൊയിലാണ്ടി പൊലീസ് ഈ വീട്ടിലെത്തുമ്പോൾ വീട്ടിൽ വെളിച്ചമില്ലായിരുന്നു. ആളില്ലാത്ത വീടാണെന്നുകരുതി വീണ്ടും സൈബർ സെൽ സഹായം തേടി.
പിതാവ് ഇവിടെ തന്നെയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് വീണ്ടും വീട്ടിലെത്തി തിരഞ്ഞപ്പോഴാണ് പിതാവ് വരാന്തയിൽ കിടക്കുന്നതുകണ്ടത്. വീട്ടിനുള്ളിൽ രണ്ടു കുരുന്നുകൾ ഗുരുതരാവസ്ഥയിൽ ആയിരുന്നു. രണ്ടു കുട്ടികൾക്കും വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള പദ്ധതിയായിരുന്നു പിതാവിന്. കുട്ടികളെ കൊയിലാണ്ടി ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കുട്ടികളുടെ മാതാവ് പിതാവിനെതിരെ പയ്യോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ മാനസിക വിഷമത്തിലാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ കുട്ടികളുടെ പിതാവ് കൊയിലാണ്ടി മഠത്തിൽ കണ്ടി ശിവദാസനെ (48) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.