തിരുവമ്പാടി: കൂടരഞ്ഞി പൂവാറംതോടിൽ വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസികൾ. പൂവാറംതോട് മേടപാറയിലെ റിസോർട്ടിലേക്ക് പോകുന്ന ജീപ്പ് യാത്രികരാണ് കൃഷിയിടത്തിൽ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
വനപാലകർ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രിയും പുലിയോടു സാമ്യമുള്ള ജീവിയെ കണ്ടിരുന്നു. റോഡിന് കുറുകെ ഓടുന്ന പുലിയെന്ന് സംശയിക്കുന്ന ജീവിയെയാണ് കാറിന്റെ വെളിച്ചത്തിൽ ബുധനാഴ്ച കണ്ടത്.
പകൽ സമയത്ത് പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടതോടെ ജനവാസമേഖലയായ പ്രദേശത്ത് കർഷകർ ഭീതിയിലാണ്. എൻ.എസ്.എസ് ക്യാമ്പ് നടക്കുന്ന പൂവാറംതോട് ജി.എൽ.പി സ്കൂൾ ജീവിയെ കണ്ട സ്ഥലത്തിന്റെ 200 മീറ്റർമാത്രം അകലെയാണ്. പൂവാറംതോട് സെന്റ് മേരീസ് ദേവാലയം, ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം എന്നിവയും സമീപത്താണ്.
ജീവിയെ പിടികൂടാൻ കൂടൊരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. നായാടംപൊയിലിലെ വീട്ടിൽനിന്ന് മൂന്ന് വളർത്തു നായകൾ ഈയിടെ അപ്രത്യക്ഷമായതായി നാട്ടുകാർ പറഞ്ഞു. പ്രദേശവാസികൾ കണ്ട ജീവി പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
നാട്ടുകാർ ആശങ്കയിലായ സാഹചര്യത്തിൽ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി. ബിജു ശനിയാഴ്ച വൈകീട്ട് സ്ഥലത്തെത്തി. എട്ടംഗ വനംവകുപ്പ് ആർ.ആർ.ടി. സംഘത്തെ പ്രദേശത്ത് നിയോഗിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ഗ്രാമപഞ്ചായത്തംഗം എൽസമ്മ ജോർജ് എന്നിവർ സ്ഥലത്തെത്തി.