തിരുവമ്പാടി: കൂടരഞ്ഞി പൂവാറൻതോട് ജനവാസ മേഖലയിൽ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ട സംഭവത്തിൽ വനം വകുപ്പ് നിഷ്ക്രിയമെന്ന് ആരോപണം. ബുധനാഴ്ച രാത്രിയാണ് കാർ യാത്രക്കാർ വാഹനത്തിന്റെ വെളിച്ചത്തിൽ റോഡിന് കുറുകെ ഓടുന്ന പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും കാര്യമായ പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനവാസ മേഖലയായതിനാൽ സുരക്ഷ ഭീഷണിയുണ്ടെന്ന് ജനപ്രതിനിധികൾ പറഞ്ഞു. പുലിയോട് സാദൃശ്യം ഉള്ള ജീവിയാണെന്ന് പറഞ്ഞ് അധികൃതർ സംഭവം നിസാരവത്കരിക്കുകയാണ്. ജനങ്ങൾ ഭീതിയിലായ സാഹചര്യത്തിൽ വനം വകുപ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. സ്ഥലം സന്ദർശിച്ചപ്പോൾ പ്രദേശത്തെ വനംവകുപ്പിന്റെ ഓഫിസിൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് കർഷക കോൺഗ്രസ് നേതാക്കളും പറയുന്നു.
ജനങ്ങൾ ഭീതിയിലായ സാഹചര്യത്തിൽ വനം വകുപ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഡി.എഫ്.ഒയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഗാർഡുമാരെ നിയമിക്കാൻ ഉറപ്പ് ലഭിച്ചതായി കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ല പഞ്ചായത്തംഗവുമായ ബോസ് ജേക്കബ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു സ്ഥലം സന്ദർശിച്ച കർഷക കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, ജില്ല വെസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ, ജില്ല ഭാരവാഹികളായ ജോൺ പൊന്നമ്പേൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ബിജു വർഗീസ്, അനീഷ് പനച്ചിയിൽ, എൽസമ്മ ജോർജ്, സാന്റോ മയിലാടിയിൽ, ഷർഫുദ്ദീൻ, ശ്യാം വാൽക്കണ്ടത്തിൽ, ഉഷാകുമാരി കന്നിക്കുഴിയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.