പയ്യോളി: ചാത്തൻസേവയും മന്ത്രവാദവും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്റസ അധ്യാപകന്റെ രണ്ട് ലക്ഷം രൂപയും ഏഴര പവനുമായി സിദ്ധൻ മുങ്ങി. കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് മുങ്ങിയത്. തട്ടിപ്പിനിരയായ കോഴിക്കോട് പയ്യോളി ആവിക്കലിൽ സ്വകാര്യ ക്വാട്ടേഴ്സിലെ താമസക്കാരനും മദ്റസ അധ്യാപകനുമായ പാലക്കാട് ആലത്തൂർ വാവലിയപുരം മാട്ടുമല സ്വദേശി ഇസ്മായിൽ (37) പയ്യോളി പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച മൂന്നര പവന്റെ പാദസരം, രണ്ട് പവന്റെ താലിമാല, മുക്കാൽ പവന്റെ മാല എന്നിവയടക്കം ഏഴര പവൻ സ്വർണവും രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ഇതിൽ 75,000 രൂപ ഇസ്മായിൽ നേരിൽ നൽകിയതാണ്.
നാല് മാസം മുമ്പ് ട്രെയിൻ യാത്രക്കിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. സെപ്റ്റംബർ 22ന് വൈകീട്ട് നാലിന് ഇയാൾ ഇസ്മായിലിൻ്റെ ക്വാട്ടേഴ്സിലെത്തി. തുടർന്ന് നമസ്കാരത്തിനായി കിടപ്പുമുറിയിൽ സൗകര്യം ചെയ്തു കൊടുത്തപ്പോഴാണ് അലമാര തുറന്ന് പണവും ആഭരണങ്ങളും കവർന്നതെന്ന് ഇസ്മായിൽ പരാതിയിൽ പറയുന്നു.
ഇസ്മായിലിന്റെ ക്വാട്ടേഴ്സിൽ നിന്നും അൽപമകലെ പ്രതി ഷാഫി മുറി വാടകക്ക് എടുത്ത് ചില ദിവസങ്ങളിൽ വന്ന് താമസിക്കാറുണ്ടത്രെ. സംഭവ ദിവസം നാട്ടിലേക്ക് പോകാനായി യാത്ര ചോദിക്കാനെത്തിയതായിരുന്നു ഷാഫി. പിന്നീട് ഒക്ടോബർ രണ്ടാം തീയതി ഇസ്മായിലിന്റെ ഭാര്യയെ ഫോണിൽ വിളിച്ച ഷാഫി, നിങ്ങളുടെ അലമാരയിലുള്ള പണവും സ്വർണവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും രണ്ടുദിവസം കഴിഞ്ഞ് മാത്രമേ അലമാര തുറന്ന് പരിശോധിക്കാവുവെന്നും പ്രതി അറിയിച്ചു.
ഇതുപ്രകാരം രണ്ടുദിവസം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന്, ഷാഫിയെ വിളിച്ചപ്പോൾ നഷ്ടപ്പെട്ടവ താൻ ചാത്തൻസേവയിലൂടെ തിരിച്ചെത്തിക്കുമെന്ന് വീട്ടുകാർക്ക് ഉറപ്പു നൽകുകയായിരുന്നുവത്രെ. അതിനിടയിൽ ഒക്ടോബർ എട്ടിന് മോഷണം നടന്ന ക്വാട്ടേഴ്സിൽ ഷാഫി എത്തിയതായും വീട്ടുകാരെ ആശ്വസിപ്പിച്ച് മടങ്ങിയതായും ഇസ്മായിൽ പറയുന്നു.
എന്നാല്‍, ദിവസങ്ങൾ കഴിഞ്ഞിട്ടും മാറ്റമില്ലാത്തതിനെ തുടർന്നാണ് ഇസ്മായിൽ പോലീസിനെ സമീപിച്ചത്. പയ്യോളി പൊലീസ് ഷാഫിക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട് . ഇന്ത്യൻ ശിക്ഷാനിയമം 323, 324 , 506 , 461 , 350 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക
https://wa.link/w75jy7
🔊 News സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ