കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിലെറിഞ്ഞ കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ. കൂട്ടുപ്രതി സുലൈമാനെ സേലത്ത് നിന്നാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ പൊലീസ് ഇന്ന് ഉച്ചയോടെ പ്രതിയെ കോഴിക്കോട് എത്തിക്കും. സുലൈമാൻ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. നേരത്തെ അറസ്റ്റിലായ മലപ്പുറം താനൂർ കുന്നുംപുറം പള്ളിവീട്ടിൽ സമദിന്റെ സുഹൃത്താണ് ഗൂഡല്ലൂർ സ്വദേശിയായ സുലൈമാൻ.
അതേസമയം, കൊലക്ക് ശേഷം പ്രതികൾ തട്ടിയെടുത്ത ആഭരണങ്ങളും പണവും മറ്റൊരു സംഘം കൈക്കലാക്കിയെന്ന് പൊലീസ് പറയുന്നു. ആഭരണങ്ങളും പണവും തട്ടിയെടുത്ത സംഘം തമിഴ്നാട്ടിലേക്കാണ് കടന്നത്. കൂട്ടുപ്രതി സുലൈമാനുമായുള്ള സാമ്പത്തിക ഇടപാടുകളെ തുടർന്നാണ് സംഘം ആഭരണങ്ങളും പണവും തട്ടിയെടുത്തതെന്നും പൊലീസ് വ്യക്തമാക്കുന്നു.
കുറ്റിക്കാട്ടൂരിൽ താമസിക്കുന്ന സൈനബയെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന ശേഷം നാടുകാണി ചുരത്തിൽ തള്ളുകയായിരുന്നു. കാണാതായ സൈനബയുടെ ഫോണിലേക്ക് അവസാനമായി വിളിച്ച സമദ് അറസ്റ്റിലായതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. പിന്നാലെ ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാടുകാണി ചുരത്തിലെ പോപ്സൺ എസ്റ്റേറ്റിനു മുന്നിലെ താഴ്ചയിൽനിന്ന് സൈനബയുടെ അഴുകിയ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയുടെ അര കിലോമീറ്ററകലെ പോപ്സൺ എസ്റ്റേറ്റിന് എതിർവശം തമിഴ്നാടിന്റെ ഗണപതിക്കല്ല് വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
നവംബർ ഏഴിന് ഉച്ചക്ക് ഒന്നരയോടെ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനടുത്തുനിന്നാണ് സൈനബയെ പ്രലോഭിപ്പിച്ച് ഇരുവരും കാറിൽ കയറ്റി കൊണ്ടുപോയത്. സൈനബയും സമദും നേരത്തേ പരിചയമുള്ളവരാണ്. പെട്ടെന്ന് പണമുണ്ടാക്കാൻ വഴി ആലോചിച്ചപ്പോഴാണ് നിറയെ സ്വർണാഭരണങ്ങൾ ധരിക്കുന്ന സൈനബയെ കെണിയിലാക്കിയത്.
നവംബർ ആറിന് സമദ് സുലൈമാനെ തിരൂരിലേക്ക് വിളിച്ചുവരുത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിപ്പിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഏഴിന് രാവിലെ ഇരുവരും സമദിന്റെ പരിചയക്കാരന്റെ കാർ വാടകക്കെടുത്ത് കോഴിക്കോട്ടെത്തി. യാത്രക്കിടെ സമദ് സൈനബയെ ഫോണിൽ വിളിച്ച് താനൂരിൽ ഒരാളെ കാണാൻ പോകാൻ കൂടെ വരണമെന്നാവശ്യപ്പെട്ടു. മുൻപരിചയമുള്ളതിനാൽ സൈനബ സമ്മതിക്കുകയും വീട്ടിൽനിന്ന് കോഴിക്കോട്ടെത്തി ഇവർക്കൊപ്പം കാറിൽ കയറുകയും ചെയ്തു.
ഈ സമയം സൈനബ 15 പവന്റെ സ്വർണാഭരണങ്ങൾ ധരിക്കുകയും കൈയിലുള്ള ബാഗിൽ മൂന്നു ലക്ഷത്തോളം രൂപ സൂക്ഷിക്കുകയും ചെയ്തിരുന്നു. മൂവരും കാറിൽ കുന്നുംപുറത്തെത്തുകയും സമദ് വീട്ടിൽ പോയി തിരിച്ചുവരുകയും ചെയ്തു. താനൂരിലുള്ള ആളെ ഇപ്പോൾ കാണാൻ പോകേണ്ടെന്നും സൈനബയെ തിരിച്ച് കോഴിക്കോട്ടാക്കാമെന്നും പറഞ്ഞ് മടങ്ങി. കാർ അരീക്കോട് വഴി വരുന്നതിനിടെ അഞ്ചരയോടെ മുക്കത്തിനടുത്തെത്തിയപ്പോൾ സൈനബ ധരിച്ച ഷാൾ സമദ് അവരുടെ കഴുത്തിൽ മുറുക്കി. ഷാളിന്റെ ഒരുതല കാറോടിച്ചിരുന്ന സുലൈമാൻ വലിച്ചുപിടിക്കുകയും ചെയ്തു. മിനിറ്റുകൾക്കകം സൈനബ ശ്വാസംമുട്ടി മരിച്ചു. ഇതോടെ കാർ വഴിക്കടവ് ഭാഗത്തേക്ക് തിരിച്ചുവിട്ടു.
യാത്രക്കിടെ സൈനബയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കുകയും ശരീരത്തിലെ ആഭരണവും ബാഗിലെ പണവും കൈക്കലാക്കുകയും ചെയ്തു. രാത്രി എട്ടോടെ കാർ നാടുകാണി ചുരത്തിലെത്തിക്കുകയും ഇരുവരും ചേർന്ന് സൈനബയുടെ മൃതദേഹം ഉടുവസ്ത്രത്തോടെ താഴ്ചയിലേക്ക് എടുത്തെറിയുകയുമായിരുന്നു. തുടർന്ന് സംഘം സുലൈമാന്റെ ഗൂഡല്ലൂരിലെ താമസസ്ഥലത്തെത്തി. വസ്ത്രത്തിലെ രക്തം കഴുകി വൃത്തിയാക്കുകയും പുതിയ വസ്ത്രം വാങ്ങി ധരിച്ച് അവിടെ താമസിക്കുകയും ചെയ്തു.
അടുത്ത ദിവസം സൈനബയുടെ പണം ഇരുവരും വീതംവെക്കുകയും ആഭരണം മുഴുവൻ സമദ് സൂക്ഷിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായി സൈനബയുടെ മൊബൈൽ ഫോണും ബാഗും രക്തംപുരണ്ട സമദിന്റെ വസ്ത്രവും കത്തിക്കാൻ സുലൈമാൻ പുറത്തുപോയി. പിന്നീട് സുലൈമാനും കൂട്ടാളികളും തിരിച്ചുവന്ന് പണവും സ്വർണാഭരണവും കൈക്കലാക്കി കടന്നുകളഞ്ഞെന്നാണ് അറസ്റ്റിലായ സമദിന്റെ മൊഴി.