മുക്കം: മുക്കത്തിനടുത്ത് കറുത്തപറമ്പിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം. ശനിയാഴ്ച രാത്രി ഓട്ടോമൊബൈൽ ഷോപ്പിലെ ഫർണിച്ചറുകൾ തകർത്ത സംഘം, ഞായറാഴ്ച രാത്രി വർക്ക്ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി ജീവനക്കാരെ മർദിച്ചു. മർദനത്തിലും അക്രമത്തിലും പരാതി നൽകിയതിനെതിരെ ഇന്നലെ വൈകീട്ട് മൂന്നോടെ ആയുധങ്ങളുമായി സ്ഥലത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി ചിന്ന ദുരൈ (55) മുക്കം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മുഖത്തും കഴുത്തിലും കാര്യമായ പരിക്കുണ്ട്. ഞായറാഴ്ച രാത്രി 11 മണിയോടെ ലീഫ് ബെൻഡിങ് വർക്ക് ഷോപ്പിലാണ് ജീപ്പിലും ബൈക്കുകളിലുമായെത്തിയ പത്തംഗ സംഘം അഴിഞ്ഞാടിയത്. പൊലീസ് എത്തിയപ്പോഴേക്കും സംഘം ബൈക്കുകളിൽ രക്ഷപ്പെട്ടു. ജീപ്പും ഒരു ബൈക്കും ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ലഹരിമാഫിയ സംഘം വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റുകയും, തന്നെ അക്രമിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നുവെന്നും ചിന്നദുരൈ പറഞ്ഞു. ഈ വർക്ക് ഷോപ്പിന് തൊട്ടടുത്തുള്ള അബ്ദുൽ കബീറിന്റെ ഉടമസ്ഥതയിലുള്ള അസ്ബി ഓട്ടോ മൊബൈൽ സ്പെയർ പാർട്സ് കടയിലെ സാമഗ്രികൾ ശനിയാഴ്ച രാത്രി ലഹരിസംഘം അടിച്ചുതകർത്തിരുന്നു.
ഇതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ട് മുക്കം പൊലീസിൽ പരാതിയും നൽകിയിരുന്നു. പരാതി നൽകി മണിക്കൂറുകൾക്കുള്ളിലാണ് വർക്ക്ഷോപ്പിനുനേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി പ്രദേശത്ത് ഉപേക്ഷിച്ച ബൈക്ക് തിങ്കളാഴ്ച രാവിലെ സംഘത്തിൽപെട്ടവർ എടുത്തുകൊണ്ടുപോവുകയും വൈകീട്ട് മൂന്നോടെ വീണ്ടുമെത്തുകയും ഞായറാഴ് രാത്രി നടന്ന സംഭവത്തിൽ പരാതി നൽകിയവരെ നോട്ടമിട്ടതായി പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പൊലീസ് എത്തുമെന്നായതോടെ സംഘം മുങ്ങുകയായിരുന്നു. രാത്രി തങ്ങളുടെ സ്വൈര വിഹാരത്തിന് തടസ്സമാകുംവിധം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിലുള്ള പ്രതികാരമാണ് ലഹരി സംഘങ്ങളുടെ ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. സന്ധ്യമയങ്ങുന്നതോടെ പ്രദേശം ലഹരിസംഘം കൈയടക്കുകയാണെന്നും ദൂരെ സ്ഥലങ്ങളിൽനിന്നുപോലും ആളുകളെത്തുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതായും സാദിഖ് എന്നയാൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തതായും മുക്കം എസ്.എച്ച്.ഒ സുമിത് കുമാർ പറഞ്ഞു.