കൊടുവള്ളി: കഴിഞ്ഞദിവസം വെണ്ണക്കാട് പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വഴിത്തിരിവ്. കവർച്ച ചെയ്ത മാല മുക്കുപണ്ടം. സ്വർണ മാല യുവതിയുടെ ബാഗിൽനിന്ന് അമ്മ എടുത്തിരുന്നത് യുവതി അറിഞ്ഞിരുന്നില്ല. മോഷ്ടാക്കളായ രണ്ടുപേരെ മണിക്കൂറുകൾക്കകം കൊടുവള്ളി പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ കൈയിൽനിന്ന് മാല പൊലീസ് കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് കണ്ടെടുത്തത് മുക്കുപണ്ടമാണെന്ന് യുവതി പൊലീസിനെ അറിയിച്ചത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് പെട്രോൾ പമ്പ് ജീവനക്കാരി ചുണ്ടപ്പുറം സ്വദേശിനിയുടെ ബാഗിൽനിന്ന് ഒന്നേകാൽ പവൻ വരുന്ന സ്വർണമാലയും പണവും കവർന്നതായ പരാതി കൊടുവള്ളി പൊലീസിൽ ലഭിച്ചത്. വൈകീട്ട് ആറോടെ ജോലി കഴിഞ്ഞ് വീട്ടിൽ പോകാനായി ബാഗ് എടുത്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബൈക്കിൽ എത്തിയ രണ്ടുപേർ കവർച്ച നടത്തുന്നത് സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് രാത്രിയോടെ പ്രതികളെ പൊലീസ് പിടികൂടി. പുതുപ്പാടി ഈങ്ങാപ്പുഴ നെല്ലിക്കുന്നൻ വീട്ടിൽ പി.എം. നൗഫൽ, ഈങ്ങാപ്പുഴ സ്വദേശിയായ 17 കാരനുമാണ് പിടിയിലായത്. ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെയാണ് യുവതി സ്റ്റേഷനിലെത്തി കവർച്ച ചെയ്ത മാല മുക്കുപണ്ടമാണെന്ന് മൊഴി നൽകിയത്.