എകരൂൽ: ഇയ്യാട്-കാക്കൂർ റോഡിൽ എകരൂൽ ടൗണിൽ റോഡ് വികസനത്തിന്റെ ഭാഗമായുള്ള ഓവുചാൽ നിർമാണം വീണ്ടും തുടങ്ങി. ആവശ്യത്തിന് വീതിയില്ലാത്തതിനാൽ ഈഭാഗത്ത് ഓവുചാൽ നിർമാണം പ്രതിസന്ധിയിലായിരുന്നു. എകരൂൽ മുതൽ ആനപ്പാറ വരെ 2.100 കി.മീറ്റർ ദൂരത്തിലാണ് റോഡ് നവീകരണം നടത്തുന്നത്. നിലവിലുള്ള ഓവുചാല്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീതിയും ആഴവും കൂട്ടിയാണ് പുതിയ ഓവുചാൽ നിർമിക്കുന്നത്. റോഡിന്റെ വീതിക്കുറവ് കാരണം നിലവിൽ ഓവുചാലില്ലാത്ത സ്ഥലങ്ങളിൽ പ്രവൃത്തി സ്തംഭനാവസ്ഥയിലായിരുന്നു.
തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി എകരൂൽ യൂനിറ്റും വിവിധ കക്ഷി രാഷ്ട്രീയപ്രതിനിധികളും ജനപ്രതിനിധികളും യോഗംചേർന്ന് റോഡിന് വീതി കൂട്ടാനുള്ള നടപടികൾ ആരംഭിച്ചു. സ്വകാര്യവ്യക്തികളെ നേരിൽ കണ്ടു ചർച്ച നടത്തി സമ്മതം വാങ്ങിയാണ് വീതി കൂട്ടി പ്രവൃത്തി പുനരാരംഭിച്ചത്. ടൗണിൽ ഇയ്യാട് റോഡ് ജങ്ഷനിൽ റോഡിന് വീതിയില്ലാത്തത് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാവാറുള്ള വള്ളിയോത്ത് ഭാഗത്ത് റോഡിന് വീതികൂട്ടി പുതുതായി ഓവുചാൽ നിർമിക്കാൻ ധാരണയായിട്ടുണ്ട്. ഓവുചാൽ നിർമാണവും ജൽജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലും പൂർത്തിയായാൽ മാത്രമേ റോഡ് നവീകരണം തുടങ്ങാൻ കഴിയുള്ളൂ.