കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് സമസ്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡിനെ എതിർത്തുകൊണ്ട് ആര് നടത്തുന്ന ഏത് നല്ല പ്രവർത്തനങ്ങളോടും സമസ്ത സഹകരിക്കും.
മുസ്ലിം ലീഗും കോൺഗ്രസും നടത്തുന്ന പരിപാടികളോടും മുമ്പ് സഹകരിച്ചിട്ടുണ്ട്. ഇപ്പോഴും സഹകരിക്കുന്നുണ്ട്. അതുപോലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോടും സഹകരിക്കും. പൗരത്വ ബില്ലിൽ സഹകരിച്ച പോലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സമസ്ത സഹകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സമസ്ത നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നിവേദനം നൽകും. അതിന്റെ മറുപടി കിട്ടിയ ശേഷം തുടർ നടപടികൾ തീരുമാനിക്കും. ഇത് മുസ്ലിംകളുടെ മാത്രം വിഷയമല്ല. രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിഷയമാണ്. എല്ലാ മത, രാഷ്ട്രീയ, സാംസ്കാരിക നായകരുമായും കൂടിയാലോചിച്ച് മറ്റ് പരിപാടികളും നടത്തും. വികാരപരമായി എടുത്തുചാടുന്ന സമീപനം സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അഡ്വ. ടി. ആസഫലി വിഷയാവതരണം നടത്തി.