കോഴിക്കോട്ജില്ലയിൽ പനി പടരുന്നു. ഒരാഴ്ചയ്ക്കിടെ പനിക്കിടക്കയിലായത് പതിനായിരത്തിലേറെ പേർ. സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ചു ചികിത്സ തേടിയതു 8,266 പേർ. ഓരോ ദിവസവും ശരാശരി ആയിരത്തിലേറെ പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം പനിക്കു ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രിയിൽ എത്തുന്നവരുടെ കൂടി കണക്കെടുത്താൽ മൂന്നിരട്ടിയെങ്കിലുമായി പനി ബാധിതരുടെ എണ്ണം ഉയരും.
പകർച്ചപ്പനിക്കു പുറമേ 11 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. ഓമശ്ശേരി, കായണ്ണ, മേപ്പയൂർ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിക്കു പുറമേ എലിപ്പനി, മലേറിയ എന്നിവയും പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടവിട്ടു മഴ പെയ്യുന്നതോടെ കൊതുകു സാന്ദ്രതയിൽ വർധനയുണ്ടായെന്നാണു ജില്ലാ മെഡിക്കൽ ഓഫിസിന്റെ വിലയിരുത്തൽ.
ഇടവിട്ടു പെയ്യുന്ന മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നതു ഡെങ്കിപ്പനിക്കു കാരണമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളുടെ വർധനയ്ക്കു കാരണമാകുന്നു. കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുകയാണു വേണ്ടതെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പു നൽകി. വെള്ളം കെട്ടിനിൽക്കുന്ന എല്ലാ സാഹചര്യവും ഒഴിവാക്കണം. വീടിനുള്ളിൽ റഫ്രിജറേറ്ററിൽ വെള്ളം കെട്ടിനിൽക്കുന്നതു പോലും കൊതുകു വളരാൻ കാരണമാകും. മലയോര മേഖലയിലെ തോട്ടങ്ങളിലും കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കാൻ ശ്രദ്ധ വേണം. പനി പെരുകുന്ന സാഹചര്യത്തിൽ സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ കൂട്ട ശുചീകരണം നടത്തിയിരുന്നു.