കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ യുവാവിനെ മർദിച്ചുകൊന്ന കേസിൽ അയൽവാസികൾ അടക്കം അഞ്ചു പേർ അറസ്റ്റിൽ. കൊമ്മേരി സ്വദേശി കിരൺകുമാർ കൊല്ലപ്പെട്ട കേസിൽ അയൽവാസി സതീഷ്, സുഹൃത്തുക്കളായ മനോജ്, സൂരജ്, ഉമേഷ്, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. കിരണിന്റെ വാരിയെല്ലുകളും തുടയെല്ലും തകർന്ന നിലയിലായിരുന്നു. തുടയെല്ലിനും വാരിയെല്ലിനുമേറ്റ ഗുരുതര പരിക്കുകയാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം നിഗമനം.
ഞായറാഴ്ച രാവിലെയാണ് കൊമ്മേരി സ്വദേശി കിരൺകുമാറിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മദ്യപിച്ച ശേഷം കിരണിന്റെ വീടിന് സമീപത്തെത്തിയ സതീഷ്, കിരണുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് സൃഹൃത്തുക്കളായ മനോജ്, സൂരജ്, ഉമേഷ് എന്നിവരെയും സതീഷ് വിളിച്ചുവരുത്തിയാണ് കിരണിനെ മർദിച്ചത്. അഞ്ചാം പ്രതി ജിനേഷ് ആണ് കൊലപാതകത്തിന് വേണ്ട സഹായങ്ങൾ ചെയ്തത്.
കോഴിക്കോട് കൊമ്മേരി സ്വദേശിയായ കിരൺകുമാറിനെ വീടിന് സമീപത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ക്രൂരമായ മർദനമേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണിന്റെ അയൽവാസി സതീഷിലേക്ക് അന്വേഷണമെത്തിയത്.
മദ്യപിച്ച് വഴിയരികില്‍ കിടന്ന കിരണ്‍കുമാറിനോട് ഒന്നാം പ്രതി സതീഷ് എണീറ്റുപോകാന്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കിരൺ തെറിപറഞ്ഞതായും തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചതായും പൊലീസ് പറഞ്ഞു. വഴക്ക് മൂർച്ഛിച്ചതോടെ സതീഷ് അയല്‍വാസികളായ മറ്റുള്ള പ്രതികളെ ഫോണില്‍ വിളിച്ചുവരുത്തി. വീട്ടില്‍ വാര്‍ക്ക പണിക്ക് കൊണ്ടു വെച്ച കമ്പിപ്പാര കൊണ്ടുവന്നാണ് മർദിച്ചത്. കൈ പിടിച്ച് ഒടിക്കുകയും ഇടതുകാല് ചവിട്ടി പൊട്ടിക്കുകയും വാരിയെല്ലുകളുടെ ഭാഗത്ത് വലിയ മരക്കഷണമുപയോഗിച്ച് അടിച്ചൊടിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
രാത്രി പന്ത്രണ്ടരയോടെ കിരണ്‍കുമാര്‍ മരണപ്പെട്ടതായി പരിശോധനയിൽ വ്യക്തമായി. ചെവിയുടെ ഭാഗത്ത് സാരമായി പരുക്കേറ്റ് രക്തം പുരണ്ട അവസ്ഥയിലായിരുന്നു മൃതദേഹം. പ്രതികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി. സിവില്‍ പൊലീസ് ഓഫിസര്‍മാരായ റസല്‍ രാജ്, ഗിരീഷ്, ശശിധരന് , റാം മോഹന്‍ റായ്, മനോജ് കുമാര്‍ , മോഹന്‍ദാസ് , പൊലീസ് കോണ്‍സ്റ്റബിള്‍ മാരായ ഫൈസല്‍, വിനോദ്, ഹാദില്‍, സുമേഷ്, രാഗേഷ് സന്ദീപ്, സഞ്ജു, സനീഷ് എന്നിവരാണ് അസി. കമ്മീഷണര്‍ കെ. സുദര്‍ശന്റെയും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.