താമരശ്ശേരി: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചയോളമായി കാണാതായ ലീലയെ (53) താമസ സ്ഥലത്ത് നിന്ന് അഞ്ചു കിലോമീറ്ററോളം അകലെയുള്ള വനമേഖലയോട് ചേർന്ന അമരാട് മലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം അഴുകിയ നിലയിലായിരുന്നു. ലീലയുടെ ഭർത്താവുൾപ്പെടെ നാലു പേരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ലീലയെ കാണാതായതിൽ വീട്ടുകാരോ കോളനി താമസക്കാരോ പരാതി നൽകിയിരുന്നില്ല. കാണാതായി രണ്ടാഴ്ചക്കുശേഷം കോളനി സന്ദർശിച്ച ബ്ലോക്ക് പഞ്ചായത്ത് മെംബർ നിധീഷ് കല്ലുള്ള തോടിന് കോളനിയിലെ ചിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിധീഷ് താമരശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ലീലയുടെ മരണം കൊലപാതകമാണെന്നും ബന്ധുക്കളുൾപ്പെട്ട പ്രതികൾ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ലീലയും ഭർത്താവ് രാജഗോപാലനും സഹോദരി ഭർത്താവ് രാജനും കോളനി നിവാസിയായ ചന്തുവും വനത്തിൽ വിഭവങ്ങൾ ശേഖരിക്കാൻ പോയിരുന്നു.
അഞ്ച് കിലോമീറ്റർ അകലെയുള്ള അമരാട് മലയിലെ നരിമടഭാഗത്ത് നിന്ന് വ്യാജമദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന വാഷ് സംഘം ചേർന്ന് കുടിച്ചതായും ഇതേതുടർന്ന് ലീലയും രാജനും തമ്മിൽ വാക്കേറ്റമുണ്ടായതായും രാജൻ ലീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതികൾ പൊലീസിനു നൽകിയ മൊഴി.
മരണപ്പെട്ട ലീലയുടെ മകൻ രോണു എന്ന വേണുവിനെ 2019ൽ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ലീലയുടെ സഹോദരി ഭർത്താവ് രാജനായിരുന്നു സംഭവത്തിൽ പ്രതി. അടുത്തിടെയാണ് ഇയാൾ ജയിൽമോചിതനായത്. രാജനും ലീലയുടെ ഭർത്താവും മറ്റൊരാളും പൊലീസ് കസ്റ്റഡിയിലാണെന്നും കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്നും പൊലീസ് പറഞ്ഞു.