തിരുവമ്പാടി: ചികിത്സയിൽ കഴിയവെ മരിച്ച ആനക്കാം പൊയിൽ മുത്തപ്പൻ പുഴ പുളിക്കൽ സെബാസ്റ്റ്യന്റെ (76) മരണത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളെ മർദിച്ചതിന് സെബാസ്റ്റ്യന്റെ ഏക മകൻ അഭിലാഷി (37) നെയാണ് തിരുവമ്പാടി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഈ മാസം 14നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെബാസ്റ്റ്യൻ മരിച്ചത്.
സെബാസ്റ്റ്യന്റെ ഭാര്യ മേരിയും (70) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർക്കും മകന്റെ മർദനമേറ്റിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഏപ്രിൽ രണ്ടിനാണ് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, സാന്ത്വന പരിചരണ പ്രവർത്തകർ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
മകൻ മദ്യപിച്ചെത്തി രാത്രി മാതാപിതാക്കളെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. തലക്കേറ്റ പരിക്കും ന്യുമോണിയ ബാധയുമാണ് സെബാസ്റ്റ്യന്റെ മരണ കാരണമെന്നാണ് ചികിത്സിച്ച ഡോക്ടർ നൽകിയ സൂചന. അറസ്റ്റിലായ അഭിലാഷിനെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.