MAVOOR NEWS : എളമരം റോഡിൽ കോഴിക്കട മാലിന്യം തള്ളിയവരെ കൈയോടെ പിടികൂടി. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. യാത്രക്കാർക്ക് വഴിനടക്കാനാവാത്ത വിധം മാവൂർ- എളമരം റോഡിൽ മാലിന്യം തള്ളുന്നത് വ്യാപകമാണ്.
രാത്രിയിൽ സ്കൂട്ടറിലെത്തി രണ്ടുപേർ മാലിന്യം തള്ളുന്നത് ഇതുവഴിവന്ന മാധ്യമപ്രവർത്തകന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് മനസ്സിലാക്കി മാലിന്യം നിക്ഷേപിക്കാനെത്തിയവർ സ്കൂട്ടർ വേഗത്തിൽ ഓടിച്ചുപോയി. ഇവരെ പിന്തുടർന്ന് മാധ്യമപ്രവർത്തകൻ വാഹനത്തിന്റെ നമ്പറും മറ്റും മനസ്സിലാക്കുകയും മാവൂർ പൊലീസിന് കൈമാറുകയും ചെയ്തു.
തുടർന്ന് മാവൂർ എസ്.ഐ മഹേഷിന്റെ നേതൃത്വത്തിൽ ഫോൺ നമ്പർ ശേഖരിക്കുകയും രാത്രിതന്നെ ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തുകയുമായിരുന്നു. ചേന്ദമംഗലൂർ സ്വദേശി ജുനൈസ്, പാഴൂർ സ്വദേശി ദിൽഷാദ് എന്നിവരെയാണ് പിടികൂടിയത്. പൊലീസ് ഇവരിൽനിന്ന് പിഴ ഈടാക്കുകയും മാലിന്യം തിരിച്ചെടുക്കാൻ നിർദേശിക്കുകയുമായിരുന്നു. എന്നാൽ, ഇവർ അതിന് തയാറായില്ല.
തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും മാവൂർ പൊലീസും ഇടപെട്ട് വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും താക്കീത് നൽകുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഇവരെത്തി മാലിന്യം തിരിച്ചെടുക്കുകയായിരുന്നു. മാലിന്യം തള്ളുന്നതുകാരണം ഈ റോഡിൽ രൂക്ഷമായ ദുർഗന്ധമാണ്. ഇവ ഭക്ഷിക്കാൻ തെരുവുനായ്ക്കളും എത്തിയതോടെ വഴിയാത്രക്കാർ ദുരിതത്തിലായിരുന്നു.