കോഴിക്കോട്: ലഹരിക്കടിമയാക്കി മയക്കുമരുന്ന് കാരിയറും വിൽപനക്കാരിയുമാക്കിയെന്ന പരാതിയിൽ സ്കൂൾ വിദ്യാർഥിനി മജിസ്ട്രേറ്റ് മുമ്പാകെ മൊഴിനൽകി. പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. കുട്ടിയും മാതാവും അന്വേഷണസംഘത്തോടൊപ്പം പോയാണ് മൊഴിനൽകിയത്.
കഴിഞ്ഞദിവസങ്ങളിൽ മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് കുട്ടി മജിസ്ട്രേറ്റിനോടും ആവർത്തിച്ചത്. ഇക്കാര്യങ്ങൾ നേരത്തെ മെഡിക്കൽ കോളജ് പൊലീസിനോടും കുട്ടി വ്യക്തമാക്കിയിരുന്നു. കുട്ടി പഠിക്കുന്ന സ്കൂളിലെ ഉയർന്ന ക്ലാസിലെ വിദ്യാർഥികൾ, നാട്ടുകാർ എന്നിവരടക്കമുള്ളവരാണ് ലഹരിസംഘത്തിലെ കണ്ണികളെന്ന് കുട്ടി പറഞ്ഞതിനാൽ ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. ഇതിൽ ആറുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ നാട്ടിലുള്ള രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സൈബർ സെല്ലിന്റെയടക്കം സഹായത്തോടെ ഡിജിറ്റൽ തെളിവുകളുൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം. അതേസമയം, കേസിലെ നിർണായക തെളിവായ കുട്ടി ലഹരിസംഘങ്ങളുമായി ബന്ധപ്പെടാനുപയോഗിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ ഫോൺ നശിപ്പിച്ചു എന്നാണ് കുട്ടി പറഞ്ഞത്. ലഹരിസംഘത്തിന്റെ വിവരങ്ങൾ മാസങ്ങൾക്കുമുമ്പ് മാതാവ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പോയി പറഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തത് വിവിധ കോണുകളിൽനിന്ന് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.