കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ആറു പേരെ പൊലീസ് ചോദ്യം ചെയ്യുന്നു. ആശുപത്രിയിൽവെച്ച് വിശ്വനാഥനുമായി സംസാരിച്ച ആറു പേരെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. മെഡിക്കൽ കോളജിലെ സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അന്വേഷണ സംഘം വിളിച്ചുവരുത്തിയത്.
അതേസമയം, ആറു പേർ വിശ്വനാഥനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തവരിൽ ഉൾപ്പെടില്ലെന്ന് പൊലീസ് പറഞ്ഞു. വിശ്വനാഥൻ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സാഹചര്യം എന്താണെന്ന് ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കണ്ടെത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
ഇന്നലെ അന്വേഷണ സംഘം നടത്തിയ തിരച്ചിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തെ കുറ്റിക്കാടിനടുത്തു നിന്നും വിശ്വനാഥന്‍റെ ഷർട്ട് കണ്ടെത്തിയിരുന്നു. ഷർട്ടിൽ ചളി പുരണ്ടിട്ടുണ്ട്. പോക്കറ്റിൽ 140 രൂപയും നാണയത്തുട്ടുകളുമാണ് ഉണ്ടായിരുന്നത്.
ബീഡി, പാതിവലിച്ച സിഗരറ്റ്, തീപ്പെട്ടി, ചീർപ്പ്, വെറ്റില, അടക്ക എന്നിവയും പോക്കറ്റിൽ നിന്ന് ലഭിച്ചു. പിടിവലി നടന്നതിന്‍റെ ലക്ഷണമൊന്നും ഷർട്ടിലില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, ഫോറൻസിക് പരിശോധനക്ക് അയച്ചശേഷമേ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാവൂ. ഷർട്ട് കേസന്വേഷണത്തിൽ നിർണായക തെളിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണത്തിന് സമീപത്തുവെച്ചാണ് മോഷണം ആരോപിച്ച് ആൾക്കൂട്ടം വിശ്വനാഥനെ വളഞ്ഞുവെച്ച് പരസ്യ വിചാരണ ചെയ്തത്. തുടർന്ന് കാണാതായ വിശ്വനാഥനെ രണ്ട് ദിവസത്തിന് ശേഷം ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ആശുപത്രി പരിസരത്തുവെച്ച് വിശ്വനാഥനെ ചോദ്യം ചെയ്തവരെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. കൽപറ്റ വെള്ളാരംകുന്ന് അഡ് ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു.