വടകര: ദേശീയ പാതയിൽ നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നിരുന്ന ഡ്രൈവറിൽ നിന്നും രണ്ടുപേർ പണം കവർന്ന് രക്ഷപ്പെട്ടു. നാദാപുരം റോഡിൽ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പാലക്കാട്ടു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഡ്രൈവർ പാലക്കാട് എരുമയ്യൂർ നരിമട നസീറിൽ നിന്നാണ് 30,000 രൂപ മോഷ്ടിച്ചത്.
സ്കൂട്ടറിലെത്തിയ സംഘം കീശയിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. ലോറി ഡ്രൈവർ സ്കൂട്ടറിന് പിറകെ ലോറിയുമായി കുതിച്ചെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു.
സ്കൂട്ടർ ഇടവഴിയിലേക്ക് കയറിയതോടെയാണ് ഡ്രൈവർക്ക് പിന്തുടരാനാവാതിരുന്നത്. സ്കൂട്ടറിന്റെ നമ്പർ മനസ്സിലാക്കിയ ഡ്രൈവർ ചോമ്പാല പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സ്കൂട്ടർ ചെരണ്ടത്തൂരിലെ വീട്ടുവളപ്പിൽ നിന്നും കണ്ടെടുത്തു. പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.