ബേപ്പൂർ: മാത്തോട്ടം കേന്ദ്രമായി ബേപ്പൂർ മേഖലയിൽ ജീവകാരുണ്യ-സേവനരംഗത്ത് പ്രവർത്തിക്കുന്ന കെയര്‍ മാത്തോട്ടം ചാരിറ്റബ്ള്‍ ട്രസ്റ്റ് പാവപ്പെട്ട രോഗികൾക്കുവേണ്ടി സ്ഥാപിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി. മാറാട് കോയവളപ്പില്‍ ആരംഭിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പ്രമുഖ പ്രവാസി വ്യവസായിയും എം.വി.ആര് കാന്‍സര്‍ സെന്റര്‍ വൈസ് ചെയര്‍മാനും കെയര്‍ മാത്തോട്ടം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാനുമായ പി.കെ. അബ്ദുല്ലക്കോയ നിര്‍വഹിച്ചു.
ട്രസ്റ്റ് വൈസ് ചെയര്മാന് എന്‍.സി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സി.പി. മുസഫിര്‍ അഹമ്മദ് മുഖ്യാതിഥിയായി. ഫിസിയോ തെറപ്പിക്കാവശ്യമായ കെട്ടിടം നിര്‍മിക്കാന്‍ സൗജന്യമായി ഭൂമി നല്കിയ കെ.വി. കോംപ്ലക്സ് ഉടമ കെ.വി. ഫിറോസ്, എ.ബി.സി. സീഫുഡ് ഫിറോസ്, ഫിസിയോ തെറപ്പി കെട്ടിടം സ്പോണ്സര് ചെയ്ത പ്രവാസി ഷബീര്‍ അലി, മെഡിക്കൽ ഉപകരണങ്ങള്‍ സ്പോണ്സര് ചെയ്ത കെ.വി. ഉമ്മര്‍ കോയ എന്നിവരെ മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ ആദരിച്ചു. ജനറൽ സെക്രട്ടറി വി. റസൂല്‍ ഗഫൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.