പയ്യോളി: തിക്കോടിയിലെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഫോട്ടോഗ്രാഫറായ യുവാവ് പോക്സോ കേസിൽ റിമാൻഡിൽ. തിക്കോടി പഞ്ചായത്ത് ബസാറിലുള്ള ‘എഡിറ്റേഴ്സ്’ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ പുറക്കാട് കക്കാറത്ത് സേതുമാധവനെയാണ് (44) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ ഫോട്ടോ എടുക്കാനെത്തിയ പെൺകുട്ടിക്ക് നേരെ യുവാവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ശേഷം വീട്ടിലെത്തിയ പെൺകുട്ടി സംഭവം മാതാവിനോട് പറഞ്ഞതിനെ തുടർന്ന് വൈകീട്ടോടെ ബന്ധുക്കളും നാട്ടുകാരും സ്റ്റുഡിയോയിലെത്തി പ്രതിയെ ചോദ്യംചെയ്യുകയായിരുന്നു. പയ്യോളി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എസ്.എച്ച്.ഒ ശക്തി സിങ് ആര്യന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ പ്രതി സേതുമാധവനെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.