കുറ്റ്യാടി: തൊട്ടിൽപാലം അങ്ങാടിയിൽ വൈക്കോൽ കയറ്റിയ ലോറിക്ക് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ബുധനാഴ്ച കാലത്താണ് പാലക്കാടുനിന്നും വൈക്കോൽ ലോഡുമായി വന്ന ലോറിക്ക് തീപിടിച്ചത്. സഹകരണ ബാങ്കിനും പൊലീസ് സ്റ്റേഷനും ഇടയിൽ വെച്ചാണ് തീപിടിത്തമുണ്ടായത്. അവസരോചിതമായി നാട്ടുകാരും അഗ്നിരക്ഷാസേനയും ജനകീയ ദുരന്തനിവാരണ സേനയും ഇടപെട്ടതിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്.
ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ നാട്ടുകാരും ടാക്സി ഡ്രൈവർമാരും ചേർന്ന് വൈക്കോലിന്റെ കെട്ട് അറുത്തുമാറ്റുകയും ആളിക്കത്തുന്ന വൈക്കോൽ കെട്ടുകൾ മുകൾ റോഡിലേക്ക് വീഴ്ത്തുകയും ചെയ്തു. ആത്മസംയമനം കൈവിടാതെ ലോറി ഡ്രൈവർ പഴയ ബിന്ദു ടാക്കീസിനടുത്തേക്ക് വണ്ടി മാറ്റി. തുടർന്ന് സപ്ലൈകോ മാർക്കറ്റിലെ ടാങ്കിൽ നിന്നുള്ള വെള്ളവും കാവിലുംപാറ പഞ്ചായത്തിന്റെ കുടിവെള്ള വിതരണ ലോറിയിൽ നിന്നുള്ള വെള്ളവുമുപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. ലോറിയിലെ വൈക്കോൽക്കെട്ടുകൾ വീണ്ടും കത്താൻ തുടങ്ങിയത് അൽപനേരം ആശങ്കക്കിടയാക്കി. നാദാപുരത്തുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.