കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തലവനായ നൈജീരിയക്കാരനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. 55 ഗ്രാം എം.ഡി.എം.എയുമായി ചാൾസ് ഒഫ്യൂഡലിനെയാണ് (33) ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെ ഹൊറമാവ് ആഗര തടാകത്തിനടുത്തുനിന്ന് അറസ്റ്റ് ചെയ്തത്.
2022 നവംബർ 28ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് ഖാലിദ് അബാദി 58 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെത്തിച്ചത്.
ജിജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചാൾസ് ഒഫ്യൂഡലിനെ പിടികൂടാൻ സാധിച്ചത്.
കോഴിക്കോട് സ്വദേശികളായ നാലുപേർ വിദേശികൾ ഉൾപ്പെട്ട മാഫിയസംഘങ്ങളിൽനിന്നാണ് എം.ഡി.എം.എ മൊത്തമായി വാങ്ങി കേരളത്തിലെ പല ജില്ലകളിലും വിതരണംചെയ്യുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെ ലഹരി എത്തിച്ച കെ. മുഹമ്മദ് റാഷിദ് അദിനാൻ എന്നിവരെ പിടികൂടി.
ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാപാരത്തിലെ കണ്ണിയായ ഘാന സ്വദേശി വിക്ടർ ഡി. സാംബെയെ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി പൊലീസ് തോക്കുചൂണ്ടി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.ഘാന സ്വദേശി ഉപയോഗിച്ച പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ചാൾസും വിക്ടറും നേരത്തെ ഒരുമിച്ച് ലഹരിക്കേസിൽ ജയിൽശിക്ഷയും അനുഭവിച്ചിരുന്നു.
ഈ കേസിൽ ഇതുവരെ രണ്ട് വിദേശികൾ ഉൾപ്പെടെ ആറു പേരെയും രണ്ട് വാഹനങ്ങളും മൊത്തം 262 ഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്.
നടക്കാവ് സബ് ഇൻസ്പെകർമാരായ എസ്.ബി. കൈലാസ് നാഥ്, കിരൺ ശശിധർ, അസി. സബ് ഇൻസ്പെക്ടർ പി.കെ. ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, എം.കെ. സജീവൻ, സി. ഹരീഷ് കുമാർ, വി.കെ. ജിത്തു, സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ. ലെനീഷ്, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.