വടകര: പഴയ ബസ്റ്റാൻഡിന് സമീപം കൊല്ലപ്പെട്ട വ്യാപാരിയും കൊലപാതകിയും തമ്മിൽ പരിചയപ്പെട്ടത് പുരുഷസൗഹൃദങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്രിൻഡർ എന്ന മൊബൈൽ ആപ്പ് വഴി. ആപ്പിലൂടെ വ്യാപാരിയെ പ്രതി സൗഹൃദ വലയത്തിലാക്കുകയും സ്വർണവും പണവും മോഷ്ടിക്കാൻ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡിസംബർ 24 ന് രാത്രിയാണ് വടകര പഴയബസ്സ്റ്റാൻഡിന് സമീപം വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ എ.എസ്. മുഹമ്മദ് ഷെഫീക്കിനെ (22) പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
കാലിഫോർണിയ ആസ്ഥാനമായുള്ള ആപ്പാണ് ഗ്രിൻഡർ. ഈ ആപ്പ് വഴി നിരവധി പുരുഷന്മാർ സൗഹൃദ കൂട്ടായ്മകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പലതും സ്വവർഗരതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ, നിരവധി ക്രിമിനലുകൾ ഈ ആപ്പിൽ പ്രൊഫൈലുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പരിചയപ്പെടുന്നവരുടെ പണവും സ്വർണവും അടക്കം മോഷ്ടിക്കുകയും നഗ്നത പകർത്തി ബ്ലാക്മെയിൽ ചെയ്ത് പണംതട്ടുകയും ചെയ്യുന്നുണ്ടെന്നും പൊലീസ് പറയുന്നു.
വടകര കൊലപാതക കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് മുൻപും സമാനമായ രീതിയിലുള്ള നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആപ്പുവഴി അപരിചിതരെ പരിചയപ്പെട്ടശേഷം സൗഹൃദംസ്ഥാപിച്ച് നേരിട്ട് കാണാനെത്തുന്നതാണ് 22-കാരന്റെ രീതി. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ മോഷണത്തിനുള്ള സാധ്യതകൾ മനസ്സിലാക്കി മോഷണമുതൽ കൈക്കലാക്കി കടന്നുകളയും. എന്നാൽ, ഇയാൾ മോഷണത്തിനായി കൊലപാതകം നടത്തുന്നത് ആദ്യമാണെന്നാണ് പൊലീസ് നിഗമനം.
സൗഹൃദംസ്ഥാപിച്ച് കടമുറിക്കുള്ളിലെത്തിയ ഷഫീഖ് രാജനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വ്യാപാരിക്ക് മദ്യമോ മറ്റ് മയക്കുമരുന്നോ നൽകി ബോധരഹിതനാക്കിയിരുന്നോ എന്ന് വ്യക്തമല്ല. ബൈക്ക്, സ്വർണാഭരണം, പണം എന്നിവ കണ്ടെത്തുന്നതിനായി പോലീസ് ചോദ്യംചെയ്യലും പരിശോധനയും നടത്തുന്നുണ്ട്.
ഒന്നിൽ കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യുന്ന പ്രതിക്ക് കർണാടകയിൽ അടക്കം വൻ സുഹൃദ് വലയങ്ങളുണ്ട്. കർണാടകയിൽ നിന്നുള്ളവരാണ് പ്രതിക്കുവേണ്ടി അഭിഭാഷകനെയടക്കം ഒരുക്കിയത്. കൊലക്കുശേഷം രാജന്റെ ബൈക്കുമായി കടന്ന പ്രതി കുറ്റിപ്പുറത്തിനും എടപ്പാളിനും ഇടയിൽ റോഡപകടത്തിൽപെട്ട് പരിക്കേറ്റിരുന്നു.
പിന്നീട് ഒരു കൈ ഉപയോഗിച്ച് ബൈക്ക് ഓടിച്ചാണ് തൃശൂരിൽ എത്തിയത്. കുറ്റിപ്പുറത്ത് ബാറിൽ കയറി മദ്യപിച്ചശേഷം പ്രതിയുടെ മൊബൈൽ ഫോൺ ബാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീടുള്ള യാത്രയിലാണ് അപകടത്തിൽപെട്ടത്. അപകടവിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പ്രതി വ്യക്തമാക്കിയിരുന്നില്ല. ഇന്നലെ കോടതിയിൽ പ്രതിയെ ഹാജരാക്കിയപ്പോൾ പ്രതിഭാഗം അഭിഭാഷകനാണ് വാദത്തിനിടയിൽ പ്രതിയുടെ ഷോൾഡറിനും നെഞ്ചിനു താഴെയുമായി പരിക്കുള്ള വിവരം കോടതിയെ ധരിപ്പിച്ചത്. ഇതേത്തുടർന്നാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകുന്നതോടൊപ്പം പ്രതിയെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കി വീണ്ടും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
കൊലപാതകം നടന്നതിന് തൊട്ടടുത്ത രണ്ട് ദിവസം മുമ്പാണ് പ്രതി ഷഫീഖ് വടകരയിലെത്തിയത്. കൃത്യത്തിന് ശേഷം ഒരാഴ്ചയോളം മുങ്ങി നടന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ തിങ്കളാഴ്ച തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത് വടകരയിൽ എത്തിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് വൻ പൊലീസ് സന്നാഹത്തോടെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. പ്രതിക്കുവേണ്ടി അഭിഭാഷകരുടെ വൻ നിരതന്നെ ഉണ്ടായിരുന്നു.
കൊല നടത്തിയ കടയിലും കൃത്യത്തിനു മുമ്പ് താമസിച്ച താഴെ അങ്ങാടിയിലെ താമസസ്ഥലത്തും ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. പ്രതിയുടെ ജന്മനാടായ തൃശൂരിലും മൊബൈൽ ഫോൺ ഉപേക്ഷിച്ച കുറ്റിപ്പുറത്തെ ബാറിലും മോഷണം നടത്തിയ ഇരുചക്രവാഹനം ഉപേക്ഷിച്ച സ്ഥലത്തും സ്വർണാഭരണങ്ങൾ വിറ്റഴിച്ച കടയിലും അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും.
ദൃക്സാക്ഷികളോ പ്രതിയെ കണ്ടവരോ ഇല്ലാത്ത കൊലപാതക കേസിലാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസിനു പിടികൂടാനായത്. ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ പി എം മനോജ്, എസ്ഐ മാരായ സജീഷ്, ബാബുരാജ്, ഗ്രേഡ് എസ്ഐ മാരായ പ്രകാശൻ, കെ പി രാജീവൻ, എഎസ്ഐ മാരായ ഷാജി, യൂസഫ്, മനോജ്, സീനിയർ സിപിഒ മാരായ സൂരജ്, സജീവൻ എന്നിവരാണ് ഉണ്ടായിരുന്നത്.
‘ന്യൂ ഇന്ത്യ’ ഹോട്ടലിലെ സി.സി.ടി.വി.യിൽനിന്നാണ് കൊലപാതകത്തിൽ നിർണായകവിവരങ്ങൾ ലഭിച്ചത്. പ്രതിയുടെ വ്യക്തമായചിത്രം ഉൾപ്പെടെ പുറത്തുവിടാൻകഴിഞ്ഞതും ഇവിടുത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ്. പ്രതിയും രാജനും കണ്ടുമുട്ടിയതുൾപ്പെടെ നിർണായകവിവരങ്ങൾ ശബ്ദസഹിതം ഹോട്ടലിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. ഷഫീഖ് രാജനൊപ്പം ബൈക്കിൽ കടയുടെ ഭാഗത്തേക്കുപോവുന്നത്, കടയിൽനിന്ന് ഷഫീഖ് തനിയെ ഹോട്ടലിലേക്കുവന്ന് കുപ്പിവെള്ളം വാങ്ങുന്നത്, സമീപത്തുനിന്ന് കടലവാങ്ങുന്നത്, കൊലപാതകത്തിനുശേഷം ബൈക്കിൽ രക്ഷപ്പെടുന്നത് ഉൾപ്പെടെയുള്ള നിർണായകവിവരങ്ങളാണ് ഇവിടെനിന്ന് ലഭിച്ചത്.