പാലേരി: നാട് ലോകകപ്പ് ഫുട്ബാൾ ലഹരിയിലായതോടെ നാല് കുട്ടികൾ കൂടുന്നിടത്ത് എവിടേയും കാൽപന്തുകളിയാണ്. കഴിഞ്ഞദിവസം വടക്കുമ്പാട് മുതിർന്ന കുട്ടികൾ ഫുട്ബാൾ കളിക്കുമ്പോൾ കളിയാഗ്രഹവുമായി ഹരിനന്ദ് എന്ന കൊച്ചുപയ്യനുമെത്തി.
എന്നാൽ, അവനെ മുതിർന്ന കുട്ടികൾ കളത്തിലിറക്കിയില്ല. കളിക്കുക എന്ന തന്റെ അവകാശം നിഷേധിച്ചതിനെതിരെ ആറു വയസ്സുകാരൻ വടക്കുമ്പാട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിനെയാണ് സമീപിച്ചത്. അവന്റെ പരാതി ക്ഷമയോടെ കേട്ട പേരാമ്പ്ര എസ്.ഐ ഹമീദ് വളരെ പെട്ടെന്നുതന്നെ പരാതിക്ക് തീർപ്പും കൽപിച്ചു.
ഫുട്ബാൾ വാങ്ങാനുള്ള പണം എസ്.ഐ ഹരിനന്ദിന് നൽകി. ആദ്യമൊന്ന് മടിച്ചെങ്കിലും പൊലീസ് മാമന്റെ സ്നേഹവായ്പിന് മുന്നിൽ അവൻ കീഴടങ്ങി. ബാൾ വാങ്ങി ബാക്കി പണം തിരികെ ഏൽപിച്ചപ്പോഴും പൊലീസ് മാമൻ അവനെ ഞെട്ടിച്ചു.
അത് മിഠായി വാങ്ങാൻ കൈയിൽ വെച്ചോ എന്നായി. ബാളുമായി അവൻ തന്നെ മാറ്റിനിർത്തിയവർക്ക് മുന്നിലെത്തി കളി തുടങ്ങി. ഹരിനന്ദിന്റെ മനസ്സറിഞ്ഞ പൊലീസിന് അവനോടൊപ്പം നാട് കൂടി ബിഗ് സല്യൂട്ട് നൽകുകയാണ്. മാതൃകാപരമായ സേവനംചെയ്ത എസ്.ഐ ഹമീദിനെ ഏകതാ പരിഷത്ത് അനുമോദിച്ചു.
പേരാമ്പ്ര സ്റ്റേഷനിലെ ഹാളിൽ എസ്.ഐ ഹമീദിന് സി.ഐ ബിനു മാത്യു ഏകത പരിഷത്തിന്റെ ഉപഹാരം നൽകി. എസ്.ഐ ഹബീബുല്ല, പപ്പൻ കന്നാട്ടി, ജവാൻ അബ്ദുല്ല, ശ്രീധരൻ, എസ്.ഐ രഘുനാഥ് എന്നിവർ സംസാരിച്ചു. കുഴിച്ചാലിൽ ഹരിനന്ദും ചടങ്ങിൽ എത്തിയിരുന്നു.