
ബാലുശ്ശേരി: ടൗൺ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന നടപ്പാത പുനർനിർമാണം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായി. ചിറക്കൽ കാവ് ക്ഷേത്രം മുതൽ ഗാന്ധി പാർക്ക് വരെയുള്ള ഭാഗത്താണ് പഴയ ഓവുചാൽ പൊളിച്ച് നവീകരണപ്രവൃത്തി നടക്കുന്നത്. പൂർത്തിയായ ഭാഗത്തെ ഫൂട്പാത്തിൽ ഹാൻഡ് റെയിൽ സ്ഥാപിക്കലും നടക്കുന്നുണ്ട്. ഫൂട്പാത്ത് നിർമാണം ഇനിയും പൂർത്തിയാകാനുണ്ട്.
പണി തുടങ്ങിയതോടെ പോസ്റ്റ് ഓഫിസ് റോഡ് മുതൽ ടൗണിൽ ഗതാഗത സ്തംഭനം വർധിച്ചു. നാലുവർഷം മുമ്പ് ആരംഭിച്ച ടൗൺ നവീകരണ പ്രവൃത്തി കരാറുകാരന്റെ അനാസ്ഥകാരണം മുടങ്ങിയിരുന്നു. ആദ്യം പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ മാറ്റി പുതിയ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തതോടെയാണ് നവീകരണപ്രവൃത്തി വീണ്ടും ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപയാണ് ടൗൺ നവീകരണത്തിനായി അനുവദിച്ചത്.