താമരശ്ശേരി: ബസ് സ്റ്റാൻഡിനടുത്തുള്ള കെട്ടിടത്തിൽ മാരക ലഹരി മരുന്നു വിൽപനക്കിടെ അഞ്ചുപേർ പിടിയിൽ. അണ്ടോണ വേങ്ങേരി മീത്തൽ അൽത്താഫ് സജീദ് (49), സഹോദരൻ വേങ്ങേരി മീത്തൽ അൽത്താഫ് ഷെരീഫ് (51), താമരശ്ശേരി ചുണ്ടങ്ങാപ്പൊയിൽ അതുൽ (28), താമരശ്ശേരി സീവീസ് ഹൗസ് ഷാനിദ് (48), പരപ്പൻ പൊയിൽ ഒഴ്കരിപറമ്പത്തു അബ്ദുൽ റഷീദ് (48) എന്നിവരെയാണ് എം.ഡി.എം.എ ലഹരി മരുന്നുമായി വ്യാഴാഴ്ച രാത്രി എട്ടിന് പൊലീസ് പിടികൂടിയത്.
പരിശോധനയിൽ ഒന്നാം പ്രതി അൽത്താഫ് സജീദിന്റെ കെ.എൽ 11ബി.എസ് 5698 നമ്പർ കിയ കാറിൽ നിന്നും 17.920 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വിൽപനക്കായി പാക്ക് ചെയ്യുന്നതിനുള്ള കവറുകളും ഇലക്ട്രോണിക് ത്രാസുകളും കണ്ടെടുത്തു. പിടിയിലായ അൽത്താഫ് സജീദ് എം.ബി.എ ബിരുദധാരിയാണ്. സാമ്പത്തിക ശേഷിയുള്ളവരും സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുന്നവരുമാണ് പ്രതികളെന്നും കോഴിക്കോട്ട് ഇന്റീരിയർ ഷോപ് നടത്തിവരുന്ന സജീദ് ലഹരി മരുന്നു വിൽപന നടത്തിക്കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കോഴിക്കോടുള്ള കച്ചവടക്കാരിൽ നിന്നും അൽത്താഫ് സജീദാണ് എം.ഡി.എം.എ താമരശ്ശേരിയിൽ എത്തിക്കുന്നത്.പിടികൂടിയ ലഹരി മരുന്നിനു ഒരു ലക്ഷത്തോളം വിലവരും. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ, എസ്.ഐമാരായ വി.എസ്. ശ്രീജിത്ത്, അബ്ദുൽ റസാഖ്, സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, എ.എസ്.ഐ പി.കെ. ജയപ്രകാശൻ, സി.പി.ഒമാരായ എ.എം. ശ്രീലേഷ്, കെ.കെ. റഫീഖ്, ഇ.കെ. അബ്ദുൽ ഷമീർ, പി.പി. ഷിജേഷ്, ഇ.കെ. അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.