കോഴിക്കോട്: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് വർഷത്തിലേറെ തടവിലാക്കിയശേഷം കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ പ്രതികളിൽ രണ്ടുപേർ കോഴിക്കോട് ജില്ല ജയിലിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി അജ്മല്‍, വണ്ടൂര്‍ പഴയവാണിയമ്പലം സ്വദേശി ഷഫീഖ് എന്നിവരാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഡെപ്യൂട്ടി പ്രിസൺ ഓഫിസർമാരായ ജർമിയാസ്, പ്രഭീഷ്, അസി. പ്രിസൺ ഓഫിസർ ആനന്ദ് എന്നിവർ ചികിത്സതേടി. ജയിൽ അധികൃതരുടെ പരതിയിൽ പ്രതികൾക്കെതിരെ കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഷാബ ഷെരീഫ് കേസിൽ ഷൈബിൻ അഷ്റഫ്, അജ്മൽ, ഷമീം, ഷഫീഖ്, നിഷാദ് എന്നിവരാണ് ജില്ല ജയിലിലുള്ളത്.
ഞായറാഴ്ച രാവിലെ അജ്മലും ഷഫീഖും നിഷാദിന്റെ സെല്ലിലെത്തുകയും വാക്കുതർക്കമുണ്ടാക്കുകയും പിന്നാലെ നിഷാദിനെ മർദിക്കുകയുമായിരുന്നു. നിഷാദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ജയിൽ ഉദ്യോഗസ്ഥർ ഇരുവരെയും പിടിച്ചുമാറ്റിയതോടെ സംഘർഷം അവസാനിച്ചു. ജയിലിൽ സംഘർഷമുണ്ടാക്കിയതിന് തിങ്കളാഴ്ച രാവിലെ അജ്മലിനെയും ഷഫീഖിനെയും ജയിൽ സൂപ്രണ്ട് കെ.വി. ബൈജു വിളിപ്പിച്ചു. സൂപ്രണ്ടിനുമുന്നിലേക്ക് പ്രതികളെ എത്തിക്കുമ്പോഴാണ് അജ്മലും ഷഫീഖും ഉദ്യോഗസ്ഥരെ ആക്രമിച്ചത്. തെറിവിളിച്ചും ഭീഷണി മുഴക്കിയുമായിരുന്നു ആക്രമണം. കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് പ്രതികളെ ബലം പ്രയോഗിച്ച് കീഴടക്കിയത്. ഷഫീഖിനെ പിന്നീട് തവനൂർ ജയിലിലേക്ക് മാറ്റി.