വടകര: ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് ചാർജ് റെയിൽവേ കുത്തനെ വർധിപ്പിച്ചതോടെ വാഹനങ്ങൾ പാർക്കിങ് റോഡുകളിലേക്ക് മാറ്റി. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളാണ് റെയിൽവേ സ്റ്റേഷന്റെ സമീപത്തെ റോഡുകളിലേക്ക് പാർക്കിങ് മാറ്റിയത്. റെയിൽവേയുടെ ചാർജ് വർധന സ്ഥിരം യാത്രക്കാരായ സാധാരണക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് താങ്ങാനാകില്ല.
ഇതോടെയാണ് യാത്രക്കാരിൽ ഭൂരിഭാഗവും പാർക്കിങ്ങിന് റോഡുകൾ തിരഞ്ഞെടുത്തത്. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്തുള്ള അനധികൃത പാർക്കിങ്ങിനെതിരെ റെയിൽവേ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ, റോഡിലെ പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കാനാകാത്തത് റെയിൽവേയെ കുഴക്കുന്നുണ്ട്. ചാർജ് വർധന പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും റെയിൽവേയുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായിട്ടില്ല. 12 രൂപയുണ്ടായിരുന്നത് 20 രൂപയാക്കിയാണ് വർധിപ്പിച്ചത്.
ഓട്ടോറിക്ഷയുടെ യൂസേഴ്സ് ഫീ 300 രൂപയുണ്ടായിരുന്നത് 590 രൂപയാക്കി റെയിൽവേ വർധിപ്പിച്ചിരുന്നു. ഇതോടെ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തുകയും റെയിൽവേ സ്റ്റേഷന് പുറത്തേക്ക് സർവിസ് മാറ്റുകയുമുണ്ടായിരുന്നു. ചാർജ് വർധനവിൽ പ്രതിഷേധിച്ച് ഭൂരിഭാഗം ഓട്ടോ തൊഴിലാളികളും സമര രംഗത്ത് ഉറച്ചുനിൽക്കുകയാണ്. ചിലർ വർധിപ്പിച്ച ചാർജ് നൽകി സർവിസ് നടത്തുന്നുമുണ്ട്. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പാർക്കിങ്ങിനും മറ്റുമായി വിശാലമായ സൗകര്യം റെയിൽവേ ഒരുക്കിയെങ്കിലും പൂർണമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.