കോഴിക്കോട്: ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാൻ പൂക്കളും സദ്യയൊരുക്കാൻ പച്ചക്കറികളുമായി കുടുംബശ്രീയും. ഓണവിപണിയിലേക്കുള്ള പൂവിനും പച്ചക്കറിക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കി സംസ്ഥാനത്തെ സ്ത്രീകൾ പൂവ്-പച്ചക്കറി വിപണിയിലും ഒരുകൈ നോക്കാനിറങ്ങുകയാണ്. ‘നിറപ്പൊലിമ 2024’, ‘ഓണക്കനി 2024’ എന്നീ പദ്ധതികളിലൂടെയാണ് കുടുംബശ്രീ മുഖേന പൂക്കളും പച്ചക്കറികളും ഒരുക്കുന്നത്. ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവയാണ് ജില്ലയിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. ഓണാഘോഷം മനോഹരമാക്കാൻ മിതമായ നിരക്കിൽ പൂവ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഓണപ്പൂകൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള കുടുംബശ്രീയുടെ ചുവടുവെപ്പാണ് നിറപ്പൊലിമ. കർഷകർക്ക് ഉൽപാദനം വർധിപ്പിക്കാൻ കൃഷി വകുപ്പിന്റെ സാങ്കേതിക സഹായമടക്കമുളള പിന്തുണയും ലഭ്യമാക്കുന്നുണ്ട്. പരമാവധി വിപണന മാർഗങ്ങളും സജ്ജമാക്കും. വരുംവർഷങ്ങളിൽ ഈ മേഖലയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാനും പൂക്കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ജില്ലയിലെ 80 സി.ഡി.എസുകളിലായി 227 കുടുംബശ്രീ കാർഷികസംഘങ്ങൾ മുഖേന 102.5 ഏക്കറിലാണ് പൂക്കൃഷിയൊരുങ്ങുന്നത്. വരുംവർഷങ്ങളിൽ ഈ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
615 കാർഷിക ഗ്രൂപ്പുകൾ വഴി 74 സി.ഡി.എസുകളിലായി 334.8 ഏക്കറിൽ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. ഓണച്ചന്തകൾ ഉൾപ്പെടെയുള്ള പ്രാദേശിക വിപണികൾ വഴിയാകും പ്രധാനമായും വിൽക്കുക. പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനോടൊപ്പം വിഷമുക്ത പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കുകയെന്നതാണ് ‘ഓണക്കനി’യുടെ ലക്ഷ്യം. പയർ, പാവൽ, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മാങ്ങ കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനായി ഇടനിലക്കാരെ ഒഴിവാക്കി കർഷകർ മുഖേന കാർഷികോൽപന്നങ്ങൾ പൊതുവിപണിയിലേക്ക് നേരിട്ട് എത്തിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ചയോടുകൂടി പൂക്കളും പച്ചക്കറികളും വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ.