അത്തോളി: അത്തോളിക്ക് സമീപമുള്ള വേളൂർ ജി.എം.യു.പി സ്കൂളിലെ 59 വിദ്യാർഥികൾക്കൊപ്പം അധ്യാപകർ കൂടി ചേർന്നപ്പോൾ ഒരു ദിവസം കൊണ്ട് വയനാടിനായി സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ രൂപ. 59 സ്കൂൾ കുട്ടികൾ തങ്ങളുടെ സമ്പാദ്യ പദ്ധതിയായ ‘ബാലനിധി’യിലെ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ഇതോടൊപ്പം സമ്പാദ്യപദ്ധതിയിൽ അംഗങ്ങളല്ലാത്ത വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും കൂടി വിഹിതമിട്ടതോടെ തുക ഒരു ലക്ഷം കവിഞ്ഞു.
സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി എസ്.ആർ. ജ്യോതികയാണ് ബാലനിധിയിലെ സമ്പാദ്യം വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നൽകാൻ തയാറായി ആദ്യം മുന്നോട്ടുവന്നത്. പിന്നീട് മറ്റ് വിദ്യാർഥികൾ ഇത് ഏറ്റെടുക്കുകയായിരുന്നു. തുക എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രധാനാധ്യാപകൻ ടി.എം. ഗിരീഷ് ബാബു പറഞ്ഞു.