കുറ്റ്യാടി: തൊട്ടിൽപാലം ചാപ്പൻതോട്ടത്ത് ഞായറാഴ്ച വൈകീട്ട് ഒരാളുടെ മരണത്തിനിടയാക്കിയ കാറപകടം നടന്നത് റോഡിന്റെ സുരക്ഷക്കുറവ് മൂലമെന്ന്. കുറ്റ്യാടി -വയനാട് റോഡിൽ ചാത്തങ്കോട്ടുനടയിൽ നിന്നാണ് ചാപ്പൻതോട്ടത്തിലേക്കുള്ള വഴി. ഉയർന്ന പ്രദേശത്തുള്ള വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണ് ഒഴിവു ദിവസങ്ങളിൽ എത്തുന്നത്. മഴക്കലത്താണ് വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മനോഹാരിത.
എന്നാൽ, വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താൻ സുരക്ഷിതമായ റോഡില്ല. പ്രധാന റോഡിൽ നിന്ന് കോൺക്രീറ്റ് റോഡിലൂടെ സഞ്ചരിക്കണം. റോഡിന് ആവശ്യത്തിന് വീതിയില്ല. ഒരു വശം വലിയ താഴ്ചയാണെങ്കിലും സുരക്ഷാഭിത്തിയോ കമ്പിവേലിയോ ഇല്ല. ഒരേ സമയം ഒറ്റ വാഹനത്തിന് മാത്രമേ കടന്നു പോകാൻ കഴിയൂ.
ഞായറാഴ്ച തളീക്കര കാഞ്ഞിരോളിയിൽ നിന്ന് കുടുംബസമേതം എത്തിയ പ്രവാസി യുവാവ് കാഴ്ച കണ്ട് വാഹനം തിരിക്കുന്നതിനിടയിൽ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഇയാളും രണ്ട് കുട്ടികളും മാത്രമാണ് കാറിലുണ്ടായിരുന്നത്. ഭാര്യയും രണ്ട് കുട്ടികളും പറുത്തായതിനാൽ രക്ഷപ്പെട്ടു. റോഡ് സുരക്ഷിതമാക്കണമെന്ന് കാവിലുമ്പാറ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ വെളളച്ചാട്ടത്തിനടുത്തേക്ക് പോകുമ്പോൾ വാഹനം മെയിൻ റോഡിൽ നിർത്തി നടന്നുപോയാൽ അപകടം ഒഴിവാക്കാമെന്നാണ് അധികൃതർ പറയുന്നത്.