ബാലുശ്ശേരി: കനത്ത മഴയെ തുടർന്ന് കല്ലാനോട് ഇല്ലിപ്പിലായി മണിച്ചേരി താഴ്ഭാഗത്ത് ഉരുണ്ടെത്തിയ കൂറ്റൻ പാറക്കല്ല് സമീപവാസികൾക്ക് അപകട ഭീഷണി ഉയർത്തുന്നു. കനത്ത മഴയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മണിച്ചേരിമല ഭാഗത്തുനിന്ന് കൂറ്റൻ പാറക്കല്ല് ഇളകി താഴോട്ട് വന്നത്.
സമീപവാസികളുടെ സ്വൈര ജീവിതത്തിനു ഭീഷണിയായ പാറ പൊട്ടിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ജില്ല ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ജില്ല കലക്ടറെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചതിനെ തുടർന്ന് കൊയിലാണ്ടി തഹസിൽദാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
മഴ ശക്തമായി തുടർന്നാൽ ഭീമൻ പാറയും വിള്ളൽ സംഭവിച്ച മറ്റു പാറക്കൂട്ടങ്ങളും താഴേക്ക് പതിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. താഴ്ഭാഗത്ത് പത്തോളം കുടുംബങ്ങളും ഏക്കർകണക്കിന് കൃഷിയിടങ്ങളുമുണ്ട്. അപകട ഭീഷണിയെ തുടർന്ന് കുടുംബങ്ങൾ മാറിത്താമസിച്ചിരുന്നെങ്കിലും പിന്നീട് സ്വന്തം വീടുകളിലേക്കുതന്നെ എത്തിയിട്ടുണ്ട്. ഇവർ ആശങ്കയോടെയാണ് കഴിയുന്നത്.