കോഴിക്കോട്: എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന്റെ വോട്ടുചോർച്ചയിൽ അന്വേഷണത്തിന് സി.ഐ.ടി.യു. വിവിധ തൊഴിൽ മേഖലകളിൽനിന്ന് പ്രതീക്ഷിച്ച വോട്ട് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കരീമിന് ലഭിക്കാത്തതോടെയാണ് അന്വേഷണത്തിന് ജില്ല നേതൃത്വം തീരുമാനിച്ചത്. എന്നാൽ, കൂടിയാലോചനകൾക്ക് ശേഷമാവും കമീഷൻ എന്ന നിലയിൽ നേതാക്കളെ നിശ്ചയിച്ചുള്ള അന്വേഷണമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയശേഷം സി.പി.എം സംസ്ഥാന കമ്മിറ്റി നൽകുന്ന നിർദേശത്തിനനുസരിച്ച് ജില്ല കമ്മിറ്റി കോഴിക്കോട്ടെയും വടകരയിലെയും തോൽവി പരിശോധിക്കാനിരിക്കെയാണ് സി.ഐ.ടി.യു സ്വന്തം നിലയിൽ അന്വേഷണം നടത്തുന്നത്.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂനിയൻ നേതാവുമായ എളമരം കരീമിനെ ‘കോഴിക്കോടിന്റെ കരീംക്ക’ എന്ന വിശേഷണത്തോടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമുതൽ സി.ഐ.ടി.യുവിൽ അഫിലിയേറ്റ് ചെയ്ത വിവിധ സംഘടനകൾ കൂട്ടായ്മയും സംഗമവും സ്വീകരണവുമെല്ലാമായി അവസാനംവരെ സജീവമായി രംഗത്തുണ്ടായിരുന്നു.
എന്നാൽ, പ്രചാരണത്തിനൊത്തുള്ള വോട്ട് ഷെയർ ട്രേഡ് യൂനിയൻ മേഖലയിൽനിന്ന് ലഭിച്ചില്ലെന്നു മാത്രമല്ല, സി.ഐ.ടി.യു ശക്തമായ ഭാഗങ്ങളിലെ വോട്ട് ചോർച്ച പരാജയം കനത്തതുമാക്കി. ഇതോടൊപ്പം സ്വന്തം തട്ടകത്തിൽ പ്രമുഖ നേതാവിന്റെ വൻതോൽവി സംഘടനയെ തന്നെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇതോടെയാണ് വീഴ്ചകൾ പരിശോധിക്കാൻ തീരുമാനിച്ചത്.
ജില്ലയിൽ സി.ഐ.ടി.യുവിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതും ചെറുകിട വ്യവസായ സ്ഥാപനങ്ങൾ ഏറെയുമുള്ള ഫറോക്ക് മേഖലയുൾപ്പെടുന്ന ബേപ്പൂർ മണ്ഡലത്തിൽ 19,561 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് നേടിയത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മണ്ഡലം കൂടിയായ ബേപ്പൂരിനെ, വ്യവസായ മന്ത്രിയായിരിക്കെ എളമരം കരീം പ്രതിനിധാനം ചെയ്തിരുന്നു.
എന്നിട്ടും എം.കെ. രാഘവൻ 76,654 വോട്ട് നേടിയപ്പോൾ കരീമിന് 57,093 വോട്ടാണ് കിട്ടിയത്. എൽ.ഡി.എഫിന് ശക്തമായ വേരോട്ടമുള്ളതും മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതിനിധാനവും ചെയ്യുന്ന എലത്തൂരിൽ 10,491 വോട്ടിന് കരീം പിറകിലാണ്. കോഴിക്കോട് സൗത്തിൽ 21,063 ഉം, നോർത്തിൽ 14,931ഉം, ബാലുശ്ശേരിയിൽ 17,634ഉം, കുന്ദമംഗലത്ത് 23,302ഉം കൊടുവള്ളിയിൽ 38,644ഉം വോട്ടിനാണ് യു.ഡി.എഫ് മുന്നിലെത്തിയത്.
തോൽവിയോടെ സി.ഐ.ടി.യു പ്രവർത്തകർ നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനവുമായും രംഗത്തുവന്നിട്ടുമുണ്ട്. പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ സി.ഐ.ടി.യു തൊഴിലാളികളുടെ ആശങ്കയകറ്റാൻ നിലകൊണ്ടില്ല എന്നതാണ് പ്രധാന പരാതി. ഐ.എൻ.ടി.യു.സി സമരവുമായും എ.ഐ.ടി.യു.സി പ്രതിഷേധവുമായും രംഗത്തുവന്നപ്പോൾ സി.ഐ.ടി.യു തൊഴിലാളികളുടെ ആശങ്കയിൽ മൗനം പാലിച്ചു എന്നാണ് ആക്ഷേപം.
മാത്രമല്ല, മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഏറ്റെടുത്ത് തൊഴിലാളികളുടെ സമരത്തിന് പരിഹാരമുണ്ടാക്കാത്തതും ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടുകൊണ്ട് സ്വകാര്യ കമ്പനിക്ക് പോയതടക്കമുള്ള വിഷയങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു.
നഗരത്തിലെ ഓട്ടോ തൊഴിലാളികളിൽ ഒരുവിഭാഗം നേരത്തേ കരീമിനെതിരായി രംഗത്തുവന്നതും തോൽവിയോടെ വീണ്ടും ചർച്ചയായി. അതേസമയം രാജ്യസഭ എം.പിയായിട്ടുപോലും നഗരത്തിലെ പ്രധാന പരിപാടികളിലൊന്നും കരീം സജീവമായിരുന്നില്ല എന്നതും വിമർശനമായി ഇപ്പോൾ ഉയർന്നിട്ടുണ്ട്.