വടകര: തീരദേശ മേഖലയിലെ തോടുകൾ കടലിലേക്ക് പതിക്കുന്ന ഭാഗത്ത് മണൽ അടിഞ്ഞുകൂടിയതിനാൽ ഒഴുക്ക് നിലച്ച് തീരദേശ വാസികൾ വെള്ളപ്പൊക്ക ഭീഷണിയിൽ.
അഴിയൂർ പഞ്ചായത്തിലെ കീരിത്തോട്, കാപ്പുഴക്കൽ തോട്, ഒഞ്ചിയം പഞ്ചായത്ത് മാടാക്കര തോട്, മാളിയേക്കൽ കല്ലിന്റവിട തോട്, വടകര നഗരസഭയിലെ ആവിക്കൽ തോട് എന്നിവ കടലിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളാണ് മണൽത്തിട്ടകൾ രൂപപ്പെട്ട് ഒഴുക്ക് തടസ്സപ്പെട്ടത്.
തോടും കടലും കൂടിച്ചേരുന്ന ഭാഗത്തെ മണൽ നീക്കംചെയ്യാത്തതിനാൽ കാലവർഷത്തിൽ മേഖലയിൽ ദുരിതം പതിവാണ്. ഒഞ്ചിയം പഞ്ചായത്തിലെ മാടാക്കര പ്രദേശത്ത് കഴിഞ്ഞ വർഷം തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകാതിരിക്കുകയും സമീപത്തെ വീടുകളിൽ വെള്ളം കയറുകയും ഏറെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
നഗരസഭയിലെ ആവിക്കൽ തോടിന്റെ സ്ഥിതിയും ഭിന്നമല്ല. കാലവർഷത്തിൽ ഈ ഭാഗങ്ങളിലും ദുരിതമേറെയാണ്. തോടുകളിൽ കിലോമീറ്ററുകളോളം വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.
കാലവർഷം ശക്തമാവുന്നതിന് മുമ്പ് തോടുകൾ കടലിൽ പതിക്കുന്ന ഭാഗങ്ങളിലെ മണൽത്തിട്ടകൾ നീക്കംചെയ്ത് ഒഴുക്ക് പുനഃസ്ഥാപിച്ചാൽ വെള്ളപ്പൊക്ക ഭീഷണി തടയാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തോടുകളിൽനിന്ന് വെള്ളം ഒഴുക്കിവിടാൻ സംവിധാനം ഒരുക്കണം
വടകര: തോടുകൾ കടലിനോട് ചേരുന്ന ഭാഗത്തെ മണലും മണ്ണും നീക്കംചെയ്ത് കടലോര മേഖലയിലെ കുടുംബങ്ങൾ നേരിടുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. കെ.കെ. ബഷീർ, സജീർ വള്ളിക്കാട്, റൗഫ് ചോറോട്, സിദ്ദിഖ് പുത്തൂർ, അസീസ് വെള്ളോളി, ഫിയാസ് കറുകയിൽ, സവാദ് അഴിയൂർ, എം.കെ. റഹീസ, ആസിഫ് ചോറോട്, സമദ് മാക്കൂൽ, ജലീൽ കാർത്തികപ്പള്ളി എന്നിവർ സംസാരിച്ചു.