താമരശ്ശേരി: അയൽവാസികൾ തമ്മിലുണ്ടായ പൂർവ വൈരാഗ്യത്തിന്റെ പേരിൽ സംഘം ചേർന്നുള്ള സംഘട്ടനത്തിൽ ആറുപേർക്ക് പരിക്ക്. പരപ്പൻ പൊയിൽ കതിരോട് പൂളക്കൽ നൗഷാദ്, പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ്, താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ സുരേഷ് ബാബു, മുജീബ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പൊലീസുകാരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പരപ്പൻ പൊയിൽ അങ്ങാടിയിൽവെച്ച് നൗഷാദ് തന്റെ ഓട്ടോറിക്ഷയുടെ ഹോൺ ഉച്ചത്തിൽ മുഴക്കി എന്ന് പറഞ്ഞ് ചിലർ നൗഷാദുമായി വാക്കേറ്റമുണ്ടാവുകയും, രാത്രി പത്തോടെ വീട്ടിലെത്തി നൗഷാദിെന മർദിക്കുകയും ചെയ്തിരുന്നു.
കണ്ണിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് ബുധനാഴ്ചയാണ് വീട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ നാട്ടുകാരായ അക്രമിസംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ഉച്ചക്ക് വീട്ടിൽ കയറി അക്രമം നടത്തുകയും ചെയ്തു.
ഇതിനുശേഷം നാഷാദ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് സംരക്ഷണത്തിനായി രണ്ടു പൊലീസുകാർ വീടിനു സമീപത്തെത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് വീണ്ടും വീട്ടിൽ കയറി അക്രമം നടത്തിയതെന്നും നൗഷാദിന്റെ ഒരു ഓട്ടോയും വീട്ടിലെത്തിയ ബന്ധുക്കളുടെ ഒരു കാറും അക്രമികൾ അടിച്ചു തകർത്തതായും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.